സാലറി ചലഞ്ചിനെ വിമര്‍ശിച്ച സി പി ജോണിന് മറുപടിയുമായി മന്ത്രി ടി എം തോമസ് ഐസക്. ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ കമ്പോളത്തില്‍ ഇറങ്ങുന്ന പണം കുറയുമെന്നും മാന്ദ്യകാലത്ത് ചെലവ് കുറയ്ക്കാനല്ല, കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കേണ്ടതെന്നുമായിരുന്നു ജോണിന്റെ വിമര്‍ശനം.
എന്നാല്‍, സാലറി ചലഞ്ചിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം സമ്പാദ്യമായിട്ട് മാറാതെ, കൂടുതല്‍ അത്യാവശ്യമുള്ള ആരോഗ്യ മേഖലയിലെ ചെലവുകള്‍ക്കും ശമ്പളക്കാരല്ലാത്ത ദിവസക്കൂലിക്കാരെ സഹായിക്കുന്നതിനും ചെലവഴിക്കുകയാണ് ചെയ്യുകയെന്നും ഇതുമൂലം ഇത്തരക്കാരുടെ ചെലവാക്കല്‍ തോത് (Marginal Propensity to Consume) മാസശമ്പളക്കാരേക്കാള്‍ കൂടുതല്‍ ഉയര്‍ന്നതായിരിക്കുമെന്ന് തോമസ് ഐസക് ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ മറുപടി നല്‍കി. തന്മൂലം സാലറി ചലഞ്ചുകൊണ്ട് മൊത്തം ഡിമാന്റ് കൂടുകയല്ലാതെ കുറയുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സി പി ജോണ്‍ പിന്താങ്ങുന്ന, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ചെയ്തിരിക്കുന്നത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്. കേരള സര്‍ക്കാര്‍ ഈ മാതൃക പിന്തുടരുന്നതിനു പകരം ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം സംഭാവന തരാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഏതാണ് വേണ്ടതെന്ന് ജോണ്‍ പറയണം? -തോമസ് ഐസക് ചോദിച്ചു.
തോമസ് ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് പൂര്‍ണരൂപം
സി.പി ജോണ്‍ അന്നും ഇന്നും സുഹൃത്തു തന്നെ. പിന്നെ, പണ്ട് ഞങ്ങള്‍ക്കൊരു പരിപാടിയുണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനം സംബന്ധിച്ച് ഒരു ഡ്യുയറ്റ് ക്ലാസ്. ദര്‍ശനം ക്ലാസില്‍ ആധുനികശാസ്ത്രത്തെ സന്നിവേശിപ്പിക്കലായിരുന്നു ലക്ഷ്യം.
എം.പി. പരമേശ്വരന്റെ പുസ്തകമായിരുന്നു പ്രചോദനം. ഞാന്‍ ചരിത്രത്തിന്റെയും സാമൂഹ്യപാഠത്തിന്റെയുമെല്ലാം ദാര്‍ശനികതലത്തില്‍ വ്യാപരിക്കും. ഫിസിക്‌സുകാരനായ ജോണ്‍ ആധുനികശാസ്ത്രവുമായി ഇടയ്ക്കിടയ്ക്ക് രംഗപ്രവേശനം ചെയ്യും. ഞങ്ങള്‍ ഇതു രസിച്ച് പല ക്ലാസുകള്‍ എടുത്തിട്ടുണ്ട്.
ഇത് ഓര്‍മ്മവച്ചുകൊണ്ടാണ് എന്റെ ആദ്യ ബജറ്റ് കഴിഞ്ഞുള്ള കൈരളി ടിവി ചര്‍ച്ചയില്‍ ജോണിനോട് ഞാന്‍ തമാശയായി പറഞ്ഞു. ഫിസിക്‌സില്‍ നില്‍ക്കുന്നതാണ് നല്ലത്, സാമ്പത്തികശാസ്ത്രം വിട്ടുകള. ഇന്ന് ഇപ്പോള്‍ സാലറി ചലഞ്ചിനെ സംബന്ധിച്ച് ജോണ്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇതു തന്നെയാണ് എനിക്ക് ആവര്‍ത്തിക്കാന്‍ തോന്നിയത്.
ജോണിന്റെ അടിസ്ഥാനവാദം സാലറി ചലഞ്ചിന് ഫിസ്‌ക്കല്‍ പ്രൂഡന്‍സ് (Fiscal Prudence) ഇല്ലായെന്നതാണ്. അഥവാ ദീര്‍ഘവീക്ഷണം ഇല്ലാത്ത ഒന്നാണ്. കാരണം, ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ കമ്പോളത്തില്‍ ഇറങ്ങുന്ന പണം കുറയും. സമ്പദ്ഘടനയിലെ ഡിമാന്റ് ഇടിയും. വിപണി വീണ്ടും ചുരുങ്ങും. മാന്ദ്യകാലത്ത് ചെലവ് കുറയ്ക്കാനല്ല, കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കേണ്ടത്.
അതേ, മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന സിദ്ധാന്തക്കാരനാണ് ഞാനും. പക്ഷെ, സാലറി ചലഞ്ചിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം സമ്പാദ്യമായിട്ട് മാറുകയല്ലല്ലോ. കൂടുതല്‍ അത്യാവശ്യമുള്ള ആരോഗ്യ മേഖലയിലെ ചെലവുകള്‍ക്കും ശമ്പളക്കാരല്ലാത്ത ദിവസക്കൂലിക്കാരെ സഹായിക്കുന്നതിനും ചെലവഴിക്കുകയാണ് ചെയ്യുക.
ഇത്തരക്കാരുടെ ചെലവാക്കല്‍ തോത് (Marginal Propensity to Consume) മാസശമ്പളക്കാരേക്കാള്‍ കൂടുതല്‍ ഉയര്‍ന്നതായിരിക്കും. തന്മൂലം സാലറി ചലഞ്ചുകൊണ്ട് മൊത്തം ഡിമാന്റ് കൂടുകയല്ലാതെ കുറയുകയില്ല.
രണ്ടാമത് മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ റവന്യു വരുമാനത്തിനും കേന്ദ്രം അനുവദിക്കുന്ന വായ്പകള്‍ക്കും ഉള്ളില്‍ ചെലവ് പരിമിതപ്പെടുത്തണം. അല്ലാതെ വേറെ കടം വാങ്ങി ചെലവഴിച്ചാലോ? എന്തുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ചു.
ഇങ്ങനെ 2016-17ല്‍ ചെയ്തുവെന്നു പറഞ്ഞ് (നമ്മള്‍ ഇത് അംഗീകരിച്ചിട്ടില്ല) കേന്ദ്രസര്‍ക്കാര്‍ 10000 കോടിയാണ് നമ്മുടെ വായ്പ വെട്ടിക്കുറച്ചത്. ഇനിയിപ്പോള്‍ 2017-18 ലെ കാര്യം പറഞ്ഞ് എത്ര കോടി നടപ്പുവര്‍ഷം വെട്ടിക്കുറയ്ക്കുമെന്ന് പ്രവചിക്കാനാവില്ല. ഇതിന് ആധാരമായ എഫ്ആര്‍ബിഎം എന്ന് അറിയപ്പെടുന്ന നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന് ജോണിനെ ഓര്‍മ്മിപ്പിക്കട്ടെ.
ഈയൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കുന്നില്ലെങ്കില്‍ അത്യാന്താപേക്ഷിതമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ മറ്റു മേഖലകളിലെ ചെലവ് കുറയ്ക്കണം. സിപി ജോണ്‍ പിന്താങ്ങുന്ന, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ചെയ്തിരിക്കുന്നത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്.
കേരള സര്‍ക്കാര്‍ ഈ മാതൃക പിന്തുടരുന്നതിനു പകരം ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം സംഭാവന തരാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഏതാണ് വേണ്ടതെന്ന് ജോണ്‍ പറയണം?
ജോണിന്റെ ഞെട്ടിപ്പിക്കുന്ന വാദം അടുത്തതാണ്. ജീവനക്കാരുടെ ശമ്പളം പിടിച്ചുവച്ചാല്‍ സംസ്ഥാനത്തിന്റെ റവന്യു കമ്മി കുറയും. അപ്പോള്‍ 15-ാം ധനകാര്യ കമ്മീഷന്‍ 2020-21ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള റവന്യു കമ്മി നികത്താനുള്ള 15342 കോടി രൂപയുടെ ഗ്രാന്റില്‍ കുറവ് വരും (- കമ്മി നികത്താനാണല്ലോ ഈ ഗ്രാന്റ് തരുന്നത് -). വലിയ അബദ്ധധാരണയാണിത്.
അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ലെങ്കിലും ഇതു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കമ്മി എത്രയാണെന്നുള്ളതിന് ഒരു പ്രസക്തിയുമില്ല. ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഇത് എത്രയെന്ന് തീരുമാനമെടുത്തു കഴിഞ്ഞു.
പിന്നെ, ഒരു കാര്യംകൂടി പറയട്ടെ. 15000 കോടി രൂപ ലോട്ടറിയൊന്നുമല്ല. നാല് ദേശീയ സെമിനാറുകളടക്കം അതിശക്തമായ ലോബിയിംഗ് നടത്തി. അനവധി ലേഖനങ്ങളും ഒരു പുസ്തകം തന്നെയും പ്രസിദ്ധീകരിച്ചു. അങ്ങനെയൊക്കെ ശക്തമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ നേടിയതാണ്.
കേരളത്തിന്റെ നികുതി വിഹിതത്തില്‍ മുന്‍ ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് 22 ശതമാനമാണ് ധനകാര്യ കമ്മീഷന്‍ കുറവു വരുത്തിയത്. ഇതുപോലെ മറ്റുപല ഗ്രാന്റുകളിലും. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 11067 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് 157 കോടി മാത്രം കിട്ടിയത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണല്ലോ.
ഇതിന് നമുക്ക് ഏകപരിഹാരം റവന്യു കമ്മി ഗ്രാന്റാണ്. ഈ ഗ്രാന്റ് തുടരേണ്ടതില്ലായെന്ന അഭിപ്രായമാണ് കേന്ദ്രസര്‍ക്കാര്‍ ധനകാര്യ കമ്മീഷനോട് പറഞ്ഞത്. അതിശക്തമായ പ്രതിരോധം ഉയര്‍ത്തിയിട്ടാണ് ഈ ഗ്രാന്റ് നിലനിര്‍ത്തിയത്. അതില്‍ നിന്നും ഈ വര്‍ഷം 15000 കോടി രൂപ കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കാം. സാലറി ചലഞ്ച് സംഭാവന വാങ്ങിയെന്നു പറഞ്ഞ് ഇതില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
പക്ഷെ, ലളിതമായൊരു കാര്യം സി.പി ജോണ്‍ വിശദീകരിച്ചു തരണം. സാലറി ചലഞ്ച് എങ്ങനെയാണ് കമ്മി കുറയ്ക്കുക? സാലറി ചലഞ്ച് പ്രകാരം ജീവനക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ ശമ്പളം നല്‍കും. എന്നിട്ട് അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വരവുവയ്ക്കും. ഇത് കണ്‍സോള്‍ഡേറ്റ് ഫണ്ടിന് പുറത്തുള്ള ഒരു അക്കൗണ്ടാണ്.
അതുകൊണ്ട് ശമ്പളം നല്‍കുന്നതിനായി ഉത്തരവിറങ്ങുമ്പോള്‍ പണം ചെലവായതായി കണക്കുവരും. അതേസമയം, സര്‍ക്കാരിന് സംഭാവന കിട്ടുമ്പോള്‍ അത് സര്‍ക്കാര്‍ ബജറ്റ് അക്കൗണ്ടിലേയ്ക്കല്ല, ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ടിലേയ്ക്കാണ് വരുന്നത്. അതുകൊണ്ട് സാലറി ചലഞ്ച് ഒരു കാരണവശാലും റവന്യു കമ്മിയെ ബാധിക്കാന്‍ പോകുന്നില്ല.
ചലഞ്ചിനു പകരം തെലുങ്കാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ള കട്ടാണെങ്കിലോ? സര്‍ക്കാര്‍ ശമ്പളത്തിനു ചെലവാക്കുന്ന പണം എത്രയാണോ വെട്ടിക്കുറച്ചത് അത്രയും കുറയും. അതനുസരിച്ച് കമ്മി കുറയുകയും ചെയ്യും. ജോണ്‍ പറയുന്നതാണ് ഫിസ്‌ക്കല്‍ പ്രൂഡന്‍സ് ഇല്ലായ്മയെന്നു വ്യക്തമല്ലേ.

Get real time update about this post categories directly on your device, subscribe now.