ഡല്‍ഹിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും ഡോക്ടര്‍ക്കും കൊറോണ

ദില്ലി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേര്‍ക്കും കോവിഡ്- 19 സ്ഥിരീകരിച്ചു. മലയാളി നഴ്‌സുമാരില്‍ ഒരാള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. മറ്റൊരു മലയാളി നഴ്‌സിന് രണ്ടു വയസുള്ള കുട്ടിയുണ്ട്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹം 16 മുതല്‍ 21 വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്‌നാട് സ്വദേശിയായ നഴ്‌സിനും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്‌സുമാര്‍ക്കും രോഗം കണ്ടെത്തിയത്.

നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സയോ സമയത്ത് ഭക്ഷണമോ കുടിക്കാന്‍ ചൂടുവെള്ളമോ ലഭിക്കുന്നില്ലെന്ന് നിരീക്ഷണത്തിലുള്ള ഒരു മലയാളി നഴ്‌സ് ‘ദേശാഭിമാനി’യോട് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച നഴ്‌സുമാരെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി.

മാനദണ്ഡപ്രകാരമുള്ള നിരീക്ഷണമോ സ്‌ക്രീനിംഗോ നടത്താതെയാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു.

ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഴ്‌സുമാരുടെ ദുരവസ്ഥയില്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് അസോസിയേഷന്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News