കൊറോണ പ്രതിരോധത്തില്‍ അണിചേരാന്‍ അതിഥി തൊഴിലാളികള്‍ക്കായൊരു ഹിന്ദി ഗാനം

പത്തനംതിട്ട: കൊറോണ പ്രതിരോധത്തില്‍ അണിചേരാന്‍ അതിഥി തൊഴിലാളികളെ സ്വാഗതം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഹിന്ദി ഭാഷയിലെ ഗാനാവതരണം തരംഗമാകുന്നു.

പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡിങ് നടത്തിയാണ് ഈ ബോധവത്കരണ ഗാനം ഒരുങ്ങിയത്.

കേരളം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഹിന്ദി ഗാനത്തിന്റെ ഇരടികളില്‍ എല്ലാം ഈ സന്ദേശം നിറഞ്ഞു നില്‍ക്കുന്നു. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സേവനത്തെയും ഗാനം പ്രകീര്‍ത്തിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞുര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ സജയന്‍ ഓമല്ലൂരാണ് ഗാനം എഴുതിയത്. സംഗീത അധ്യാപിക അനില രാജ് ഗാനത്തിന് ഈണം പകര്‍ന്നതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഹിന്ദി ഭാഷയിലെ ഗാനത്തിന്റെ അവതരണം ഏറ്റെടുത്തു.

കോവിഡിനെതിരെ ഒരാഴ്ച്ച മുന്‍പ് മലയാളത്തില്‍ പ്രതിരോധ ഗാനവും ഇവര്‍ തയ്യാറാക്കിയിരുന്നു. ജില്ലക്കായി ശ്രദ്ധേയമായ പത്തനംതിട്ട പാട്ട് എന്ന ഗാനവും മുന്‍പ് ഈ കൂട്ടായ്മയില്‍ രൂപം കൊണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here