സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദം; രോഗവ്യാപനം തടയാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇന്ന് 13 വൈറസ് ബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്.

കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

വിവിധ ജില്ലകളിലായി 1,52,804 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,52,009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,607 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

രോഗവ്യാപനം തടയാന്‍ നമുക്ക് സാധിക്കുന്നുണ്ട്

രോഗവ്യാപനം തടയാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അതിന് സഹായകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം നേരത്തെ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.25 ലക്ഷത്തോളം കിടക്കകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. പ്രത്യേക കൊറോണ കെയര്‍ സംവിധാനവുമുണ്ട്. പതിനായിരത്തിലേറെ ഐസൊലേഷന്‍ കിടക്കകള്‍ ആശുപത്രികളില്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചു. 7 കോടി രൂപയ്ക്കുള്ള ആധുനിക സംവിധാനമാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. 10813 ബെഡുകള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ മരണമടഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും ഔദ്യോഗിക സ്ഥിരീകരണം വരുമ്പോള്‍ ഇത് കൂടിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളായ മലയാളികള്‍ വിഷമത്തിലാണ്. അവരെ സഹായിക്കാന്‍ ഉത്തരവാദിത്വമുണ്ട്. പ്രധാനപ്പെട്ട പ്രവാസി മലയാളികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിച്ചു. എല്ലാ പ്രവാസികളുമായി സംസാരിക്കണമെന്നുണ്ട്. എന്നാല്‍ എല്ലാവരെയും പങ്കെടുപ്പിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായി ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ചിലര്‍ റേഷന്‍ മോശമാണെന്ന പ്രചാരണം നടത്തി. സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞു. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണമാണ്. റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫ്രന്‍സിംഗ് നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചര്‍ച്ച നടത്തിയത്. നിയമസഭാംഗങ്ങള്‍ കളക്ട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തു. സര്‍ക്കാര്‍ ഇടപെടലില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണ്ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളെ കടത്തിവിടും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാന്‍. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടകത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ മുന്നോട്ട് പോകാന്‍ അനുവാദം വാങ്ങാം. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതില്‍ രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും പേരില്‍ ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോകുന്നു. അത് അംഗീകരിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറവിടം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിനും കത്ത് നല്‍കിയിട്ടുണ്ട്. മുംബൈയിലെ 46 മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 ലേറെ നഴ്‌സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ദില്ലിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് പരാതി. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനയാത്ര റദ്ദാക്കിയവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാകാരന്‍മാരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫഷണല്‍ നാടക സമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകരന്മാര്‍, തെയ്യവുമായി ബന്ധപ്പെട്ട കലാകാരന്മാരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവര്‍ക്ക് സൗജന്യ അരി നല്‍കണം. ഇവിടെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here