സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 3 പേര്‍ രോഗമുക്തി നേടി; 1,52,804 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്.

കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്.

കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,52,009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,607 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News