തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും കമ്പ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകളും ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്.
രോഗവ്യാപനം തടയാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അതിന് സഹായകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം നേരത്തെ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.25 ലക്ഷത്തോളം കിടക്കകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. പ്രത്യേക കൊറോണ കെയര്‍ സംവിധാനവുമുണ്ട്. പതിനായിരത്തിലേറെ ഐസൊലേഷന്‍ കിടക്കകള്‍ ആശുപത്രികളില്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.