കൊറോണ പരിശോധന: 15 മിനുട്ടുകൊണ്ട് റിസല്‍ട്ട് അറിയുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി

കൊവിഡ് 19 വൈറസിന്‍റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇൗ കിറ്റ് നിർമിക്കുന്നത്. ഐ.സി.എം.ആര്‍ അനുമതി കിട്ടിയാല്‍ 10 ദിവസത്തിനകം കേരളത്തിൽ പരിശോധന ആരംഭിക്കാൻ സാധിക്കുമെന്ന് ആർ.ജി.സി.ബി.ടി ഡയറക്ടർ ഡോ. രാധാകൃഷ്ണൻ പിള്ള വ്യക്തമാക്കി. നാളെയാണ് ഐസിഎംആര്‍ അനുമതിക്കായി അപേക്ഷിക്കുക.

രക്ത പരിശോധനയിലൂടെ 15 മിനിറ്റിനുളളില്‍ കോവിഡ് 19 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റാണ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി നിര്‍മിച്ചത്. നിലവിൽ സംസ്ഥാനത്ത് നടത്തുന്നത് സാമ്പിളുകൾ ലാബുകളിൽ എത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ പരിശോധനകളാണ്.

ഇതിന്‍റെ ഫലമറിയാൻ മൂന്നു മണിക്കൂറിൽ കൂടുതൽ എടുക്കും. അതെസമയം, റാപ്പിഡ് ടെസ്റ്റ് കിറ്റിൽ പരിശോധന ല‍ളിതവും ഫലം വേഗത്തിൽ ലഭിക്കുകയും ചെയ്യും. ഐ.സി.എം.ആര്‍ അനുമതി കിട്ടിയാല്‍ 10 ദിവസത്തിനകം കേരളത്തിൽ പരിശോധന ആരംഭിക്കാൻ സാധിക്കുമെന്ന് ആർ.ജി.സി.ബി.ടി ഡയറക്ടർ ഡോ. രാധാകൃഷ്ണൻ പിള്ള പറഞ്ഞു.

നാളെയാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഐ.സി.എം.ആര്‍ അനുമതിക്കായി ആർ.ജി.സി.ബി അപേക്ഷിക്കുക. നിലവിൽ ഉപയോഗിക്കുന്ന പി. സി. ആർ കിറ്റിന് 4,000 രൂപ വരെ വിലയുള്ളപ്പോൾ ഈ കിറ്റിന് 500 രൂപയ്ക്കുള്ളിൽ മാത്രമാണ് വില.

രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.രാധാകൃഷ്ണൻ ആ‌ർ.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കിറ്റ് വികസിപ്പിച്ചത്.

അനുമതി കിട്ടിയാലുടൻ കളമശേരി കിൻഫ്ര പാർക്കിലുള്ള രാജീവ് ഗാന്ധി സെന്‍ററിന്‍റെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിൽ ഉത്പാദനം ആരംഭിക്കും. ഒരു ദിവസം 2 ലക്ഷത്തിലധികം കിറ്റുകൾ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഗർഭപരിശോധന കിറ്റ് പോലെ ലളിതമായ ഒരു സ്ട്രിപ്പാണിത്. മൂന്നു വരകളെ അടിസ്ഥാനമാക്കിയാണ് പരിശോധന. ഇതിനായി വിരൽ തുമ്പിലെ ഒരു തുള്ളി രക്തം കിറ്റിൽ പതിപ്പിച്ചാൽ മതിയാകും.

ഐ. ജി. എം. ലൈൻ- ശരീരത്തിൽ വൈറസ് എത്തിയാൽ ഉത്പാദിപ്പിക്കുന്ന ആൻറി ബോഡികളുടെ സാന്നിദ്ധ്യം വ്യക്തമാക്കും. പോസിറ്റീവ് ആണെങ്കിൽ അഞ്ച് മിനുറ്റിലും നെഗറ്റീവാണെങ്കിൽ പതിനഞ്ച് മിനുറ്റിലും ഫലം അറിയാം.

ഇത് ആധികാരിക പരിശോധനയായി കണക്കാക്കില്ല. പോസിറ്റീവാകുന്ന വ്യക്തിയുടെ സ്രവം പി.സി.ആർ ടെസ്റ്റ് ചെയ്താകും അനന്തിമ ഫലം ഉറപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here