ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങളിലെ ഇളവ് ഘട്ടം ഘട്ടമായി; വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഘട്ടം ഘട്ടമായേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളൂവെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. വിമാനത്താവളത്തില്‍ത്തന്നെ റാപിഡ് പരിശോധന നടത്തണം. ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരണമെന്നും കെ.എം.അബ്രഹാം അധ്യക്ഷനായ ടാസ്‌ക് ഫോഴ്‌സ് മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആള്‍ക്കൂട്ടം പൂര്‍ണമായി നിയന്ത്രിച്ച് അവശ്യ മേഖലകള്‍ക്കു പ്രാമുഖ്യം നല്‍കി ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ ഒഴിവാക്കിയാല്‍ മതിയെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ. വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റില്‍ നെഗറ്റീവ് എന്നു കണ്ടെത്തുന്നവരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ.

പോസിറ്റീവ് ആകുന്നവരെ നേരെ ഐസോലേറ്റ് ചെയ്യണം. ഒപ്പം വിമാനത്തില്‍ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ യാത്ര പുറപ്പെടുന്നതിനു മുന്‍പ് ആ രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കാനും നടപടി വേണം.

ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സമ്മേളനങ്ങളും പൊതു പരിപാടികളും കൊവിഡ് ഭീഷണി ഒഴിയുന്നതു വരെ പൂര്‍ണമായി ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം വേണം. പൊതു ഗതാഗത സംവിധാനങ്ങളും ഘട്ടം ഘട്ടമായി മാത്രമേ പുനഃസ്ഥാപിക്കാവൂ.

പൊതു ഗതാഗത സംവിധാനം വഴിയുള്ള യാത്രകള്‍ ആവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് വൈകാതെ പ്രധാന മന്ത്രിക്കും കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here