കൊറോണയും സാലറിചലഞ്ചും; ബല്‍റാമിന് അക്കമിട്ട് മറുപടി

വി ടി ബല്‍റാമിന് അക്കമിട്ട് മറുപടിയുമായി അഡ്വ. ടി കെ സുരേഷ്. ടികെ സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ രൂപം:

ചില BJP നേതാക്കള്‍ കേരളത്തിലേക്കുള്ള റോഡില്‍ മണ്ണിടുന്നു
ചില കോണ്‍ഗ്രസ്സുകാരാകട്ടെ കേരളീയരുടെ കഞ്ഞിയില്‍ മണ്ണിടുന്നു ..

വിദ്യാസമ്പന്നനായ ഒരു കോണ്‍ഗ്രസ്സ് MLA
സഹോദരന്‍മാരോടു ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞ്ഞ ഒരു വീടുള്‍പ്പെടെ , പ്രളയകാലത്ത് KPCC വാഗ്ദാനം ചെയ്ത 1000 വീടുകള്‍ കിട്ടുമെന്ന് ഇപ്പോഴും വിശ്വസിച്ച് ജീവിക്കുന്ന ആളുകള്‍ ഈ പോസ്റ്റില്‍ പറയുന്നതൊന്നും അംഗീകരിക്കാന്‍ സാദ്ധ്യതയില്ല ..

പക്ഷേ ബാക്കിയുള്ളവരുടെ അറിവിലേക്കായി ചിലതെല്ലാം പറയാതെ പറ്റില്ലല്ലോ

കൊറോണ ദുരന്തവും
സാലറി ചലഞ്ചും തന്നെയാണ് വിഷയം..

പ്രളയക്കെടുതികള്‍ അതിരൂക്ഷം തന്നെയായിരുന്നു.
പക്ഷേ പ്രളയം കേരളത്തെ മാത്രം ബാധിച്ചിരുന്ന ഒരു ദുരന്തമായിരുന്നു.
അതു കൊണ്ടു തന്നെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും,
വിദേശ രാജ്യങ്ങളില്‍ നിന്നു പോലും നമുക്ക് സഹായങ്ങള്‍
പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

അത് കേന്ദ്രത്തിലെ BJP സര്‍ക്കാര്‍ നിഷേധിച്ചുവെന്നത് ഒരു വശം
അതേ BJP സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ലോക രാഷ്ട്രങ്ങളുടെ സഹായത്തിനായി കൈ നീട്ടുന്നു എന്നത് മറ്റൊരു വശം.

എന്നാല്‍ കോവിഡ് കേരളത്തെയും ഇന്ത്യയെയുമെന്നല്ല
ലോക രാഷ്ട്രങ്ങളെയാകെ പിടിച്ചുലച്ച,
ഈ നൂറ്റാണ്ട് കണ്ട മഹാദുരന്തമാണ്.
അതുകൊണ്ടുതന്നെ പുറത്തു നിന്നുള്ള സഹായങ്ങളൊന്നും നമുക്ക് ന്യായമായും പ്രതീക്ഷിച്ചു കൂടാ ..

കേന്ദ്ര സര്‍ക്കാര്‍, കൊറോണയെ നേരിടാന്‍ മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയ്ക്ക് 1611 കോടി രൂപയും, ഉത്തര്‍പ്രദേശിന് 966 കോടിയും, ഒഡീഷയ്ക്ക് 802 കോടിയും
രാജസ്ഥാന് 740 കോടിയും, ഗുജറാത്തിന് 662 കോടിയും ബീഹാറിന് 708 കോടിയും, ആന്ധ്രാപ്രദേശിന് 555 കോടിയും, തമിഴ്‌നാടിന് 510 കോടിയും നീക്കിവെച്ചപ്പോള്‍ നമ്മുടെ കേരളത്തിന് നീക്കി വച്ചത് വെറും 157 കോടി രൂപ മാത്രം .

അടുത്ത വര്‍ഷം ഹരിദ്വാറില്‍ നടക്കുമോ എന്നുറപ്പില്ലാത്ത കുംഭമേളക്കു പോലും 375 കോടി അനുവദിച്ചപ്പോളാണ് കോവിഡിനെ നേരിടാന്‍ കേരളത്തിന് അനുവദിച്ചത് വെറും 157 കോടി രൂപയാണ് എന്ന സത്യം ദുഃഖകരമായി നില നില്‍ക്കുന്നത്.

എന്തിലുമേതിലും fb യിലൂടെ പ്രതികരിക്കുന്ന MLA യുടെ fb പേജില്‍
ആ കേന്ദ്ര നടപടിക്കെതിരെ ഒരു കുറിപ്പു പോലും ഈ നിമിഷം വരെ കണ്ടില്ല.
അതിശയമില്ല ..
സമാന ചിന്താഗതിക്കാര്‍ക്കിടയില്‍ വൈരത്തിന് സ്ഥാനമില്ലല്ലോ ..

കൊറോണ വരുത്തുന്ന സാമ്പത്തിക ബാദ്ധ്യതകള്‍ പ്രവചനാതീതമാണ്.
സര്‍ക്കാറുകള്‍ കണക്കാക്കിയ, അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന സംഖ്യക്കുള്ളില്‍ ആ സാമ്പത്തിക ബാധ്യത ഒതുങ്ങി നില്‍ക്കുമെന്ന് സര്‍ക്കാറിനോ ധനമന്ത്രിക്കോ ,പോസ്റ്റ് എഴുതുന്ന എനിക്കോ , സാലറി ചലഞ്ചിനെ അനാവശ്യമെന്ന് ആക്ഷേപിക്കുന്ന ആര്‍ക്കുമോ , ഏതു സാമ്പത്തിക വിദഗ്ദ്ധനുമൊ, ഇപ്പോള്‍ പ്രവചിക്കുക സാദ്ധ്യമല്ല .

എന്തായാലും വികസിതമെന്ന് നാം ഇന്നേവരെ കണക്കാക്കിപ്പോന്ന മറ്റ് രാഷ്ട്രങ്ങളുടെ അനുഭവം വെച്ചു നോക്കിയാല്‍ ഇന്ത്യയുടെയും വിശിഷ്യാ രണ്ടു പ്രളയങ്ങളെ നേരിട്ട കേരളത്തിന്റെയും സാമ്പത്തികാവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന ഒന്നായിരിക്കും ഇത്.

ഇപ്പോഴത്തെ സാലറി ചലഞ്ചിനെ എതിര്‍ക്കുന്ന ബഹുമാനപ്പെട്ട MLA, 2018 ലെ പ്രളയകാലത്തെ സാലറി ചലഞ്ചിനെയും നിശിതമായി എതിര്‍ത്തിരുന്നു.

പക്ഷേ അതെല്ലാം മറന്നു പോയ പോലെ ഇപ്പോള്‍ റൂട്ടൊന്ന് മാറ്റിപ്പിടിച്ചിരിക്കുന്നു ..
അതിങ്ങനെയാണ് .
‘ ആദ്യ പ്രളയത്തില്‍ മാത്രം 20,000 ഓളം വീടുകള്‍ തകര്‍ന്നുപോയി. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. സ്‌ക്കൂളുകളും ആശുപത്രികളും അംഗന്‍വാടികളും കനാലുകളുമടക്കം നിരവധി പൊതുമുതല്‍ നശിച്ചുപോയി. അത് മുഴുവന്‍ പുനര്‍നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നത്. ഇരകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയുണ്ടായി .കടയില്‍ വെള്ളം കയറി സ്റ്റോക്ക് നശിച്ച കച്ചവടക്കാര്‍ക്ക് ചെറിയ നഷ്ട പരിഹാരമെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനൊക്കെ സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമായി മാറി.’

പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷത്തോടടുക്കുമ്പോഴെങ്കിലും ഇതൊക്ക സമ്മതിക്കാനുള്ള സന്‍മനസ്സ് MLA യ്ക്ക് ഉണ്ടായല്ലോ .. സന്തോഷം..

പക്ഷേ ഇപ്പോഴത്തെ വചനങ്ങളും മാര്‍ക്ക് ആന്റണിയുടെ പ്രസംഗം പോലെയായിപ്പോയില്ലേ ?

ഈ ദുരന്തകാലത്ത് MLA എന്താണ് പറയുന്നത് ?
‘ഈ കൊറോണ ദുരിതകാലത്ത് കേരള സര്‍ക്കാരിന് ആ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ’ എന്നു ചോദിക്കുന്നതിലൂടെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത് പരിമിതമായ സൗജന്യ റേഷന്‍ മാത്രമാണെന്നും എന്നാല്‍ അതില്‍പ്പോലും ഏറ്റവും പാവപ്പെട്ടവര്‍ക്ക് പുതുതായ ആനുകൂല്യമൊന്നും ലഭിക്കുന്നില്ലെന്നും പ്രസ്ഥാവിക്കുന്നതിലൂടെയും ആരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്.?

ഒരു ജനപ്രതിനിധി ചുരുങ്ങിയ പക്ഷം ചുറ്റുപാടുമുള്ള ജനങ്ങളുടെ മ്ലാനമായ മുഖങ്ങള്‍ കാണേണ്ടതില്ലെ ?

കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യമാണ് സൗജന്യമായി നല്‍കുന്നത്. നിലവില്‍ AAYകുടുംബങ്ങള്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുന്‍ഗണനാ വിഭാഗം (പിങ്ക് കളര്‍) കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗം കാര്‍ഡുകള്‍ക്ക് (നീല, വെള്ള) കാര്‍ഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.
ഇതില്‍ ചിലതെല്ലാം നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്നുണ്ടോ എന്നോ എന്താണ് ഈ പ്രത്യേക സാഹചര്യത്തില്‍ അധികമായി കൊടുക്കുന്നത് എന്നോ മാത്രമല്ല വിഷയം.
ഇതിനെല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കക്കണമെന്നും വരുമാനം നിലച്ച സര്‍ക്കാറിന് ഇതിനുള്ള ചിലവും അധികച്ചിലവും കണ്ടെത്തേണ്ടതുണ്ട് എന്നതുമാണ് വിഷയം.

കൂടാതെ സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ആദ്യം AAY , PHH വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം . ഇപ്രകാരം സൗജന്യ കിറ്റ് നല്‍കുന്നതിന് 756 കോടി രൂപയാണു സര്‍ക്കാര്‍ ചെലവു പ്രതീക്ഷിക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി നല്‍കുന്നതനുസരിച്ച് 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി നല്‍കുമെന്നും അത് ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറി നടത്തുമെന്നും പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങള്‍ അടങ്ങുന്നതാണ് ഭക്ഷ്യ സാധന കിറ്റെന്നും ബഹു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി സ: പി. തിലോത്തമന്‍ 30-03-2020 തിയ്യതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് .

ഇതെല്ലാം എത്ര ദിവസത്തേക്ക് വേണ്ടിവരുമെന്നും ഇതിനെല്ലാം
എത്ര സംഖ്യ വേണ്ടി വരുമെന്നും ആര്‍ക്കെങ്കിലും ഇപ്പോള്‍ പ്രവചിക്കാനാകുമോ ?

പ്രളയ സമയത്ത് നല്‍കിയ ധാന്യങ്ങള്‍ക്കു പോലും ചാര്‍ജ് ചെയ്ത , കേരളത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റ് നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് വാടകയുടെ ബില്ലു നല്‍കിയ , കേന്ദ്ര ഭരണകൂടത്തില്‍ നിന്നും നാം എന്താണ് കൂടുതല്‍ പ്രതീക്ഷിക്കേണ്ടത് ?

കോവിഡ് ചികിത്സയെക്കുറിച്ചുള്ള MLA യുടെ വിവരണം മനോഹരമായിട്ടുണ്ട്
‘ടെസ്റ്റിംഗിന് ഏതാണ്ട് 4000 രൂപയാണ് നിലവിലെ ചെലവ്. റാപ്പിഡ് ടെസ്റ്റ് വന്നാല്‍ അത് ആയിരത്തില്‍ത്താഴെയാകും. കേരളത്തില്‍ ഇതുവരെ 10,000ല്‍ത്താഴെ ടെസ്റ്റുകള്‍ ,അതിന് ചിലവ് നാല് കോടി രൂപ. ഇനി വരും ദിവസങ്ങളില്‍ ഇതിന്റെ പത്തിരട്ടിയാളുകള്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍പ്പോലും ആ നിലക്കുള്ള ചെലവ് 10 – 12 കോടിയില്‍ നില്‍ക്കുമത്രേ …
ഇതാണ് MLA യുടെ കാഴ്ച്ചപ്പാട്..

റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായാല്‍ പിന്നെ മറ്റു ടെസ്റ്റുകള്‍ വേണ്ടെന്നാണോ ?
ടെസ്റ്റ് കഴിഞ്ഞാല്‍ പിന്നെ ചികിത്സയുടെ പ്രശ്‌നം ഇല്ലല്ലോ അല്ലേ ..
ഇതെന്താ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയാണെന്നു കരുതിയോ ?

എന്നാല്‍ അങ്ങിനെയല്ല എന്നു മനസ്സിലാക്കണം .

കൊറൊണ സ്ഥിതീകരിക്കപ്പെട്ട ഒരു രോഗിയുടെ ഭക്ഷണമുള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സാ ചിലവുകളും ഇവിടെ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

ഒരു രോഗിയെ ചികിത്സിക്കാനും രോഗിയുടെ മറ്റു സൗകര്യങ്ങള്‍ക്കുമായി വേണ്ടി വരുന്ന ശരാശരി ചിലവ് ഏതാണ്ട് 20,000/- രൂപമുതല്‍ 25,000/- രൂപ വരെ യാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏതാണ്ടുള്ള കണക്കാണ്
വ്യക്തികളുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് കൂടാം .. കുറയാം ..

ചെന്നിത്തല പാടിപ്പുകഴ്ത്തിയ അമേരിക്കയില്‍ നിന്നും മറ്റു മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ഇതെല്ലാം പൂര്‍ണ്ണമായും സൗജന്യമാണ് എന്നത് തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ് ..

ഈ മഹാമാരിയില്‍ എത്ര പേര്‍ക്ക് ടെസ്റ്റും തുടര്‍ന്ന് ചികിത്സയും വേണ്ടിവരുമെന്നും,
വരും ദിവസങ്ങളില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനും രോഗബാധിതര്‍ക്ക് സൗജന്യ ചികിത്സ പ്രദാനം ചെയ്യുന്നതിനും ആരോഗ്യമേഖലയില്‍ എത്ര ചിലവു വരുമെന്നും ആര്‍ക്കെങ്കിലും പ്രവചിക്കാനാകുമോ ?

സര്‍ക്കാരിന് കോവിഡ് ദുരിതാശ്വാസം മൂലം അധികമായി വേണ്ടിവരുന്നത് വെറും 400 കോടിയോളം രൂപയാണ് എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ കോവിഡ് 19 എന്ന മഹാമാരി വന്‍ സാമ്പത്തിക ശേഷിയുള്ള രാഷ്ട്രങ്ങളുടെ ഭരണാധികാരികളെപ്പോലും കരയിച്ചു കൊണ്ടിരിക്കുകയാണ് എന്നെങ്കിലും ഒരു ജനപ്രതിനിധി ഓര്‍ക്കേണ്ടതില്ലേ ?

‘കൊറോണയില്‍ സര്‍ക്കാറിനെന്തു ബാദ്ധ്യതയാണ് വരുന്നത്’ എന്നു ചോദിക്കുന്നവര്‍ക്ക്, ഈ സര്‍ക്കാറിനെ സംബന്ധിച്ച് അതിന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായി കാണുന്ന മനുഷ്യ ജീവനുകളെ സംരക്ഷിക്കാന്‍ വേണ്ടി വരുന്ന ഭാരിച്ച ചികിത്സാ ചിലവുകളൊന്നും സര്‍ക്കാര്‍ ഒരു നഷ്ടമായേ കണക്കാക്കുന്നില്ല എന്നു തന്നെയാണ് ഉത്തരം.
പക്ഷേ ചികിത്സക്കും ,അതിനായുള്ള സാങ്കേതിക ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ സാമ്പത്തിക വൈദഗ്ദ്ധ്യമൊന്നും വേണ്ട. സാമാന്യബോധം മതി.
അത് എത്രത്തോളം ഉയര്‍ന്നു പോകുമെന്ന് പ്രവചിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു മേഖലയിലെവിദഗ്ദ്ധനും സാദ്ധ്യവുമല്ല ..

ലോകം മുഴുവന്‍ സാമ്പത്തിക ബാദ്ധ്യത നേരിടുന്ന ഈ ഘട്ടത്തില്‍….. , ആരോ ‘തീറ്റപ്പണ്ടാര സഭ ‘ എന്നു വിശേഷിപ്പിച്ച
കേരളത്തിനു പ്രിയപ്പെട്ട പ്രവാസ ലോകത്തില്‍ നിന്നുമുള്ള വരുമാനം നിലച്ച
ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ …
കേന്ദ്രം പൂര്‍ണ്ണമായും അവഗണിച്ച ഈ അതിതീഷ്ണ ഘട്ടത്തില്‍ ….
ഒരു സംസ്ഥാന സര്‍ക്കാര്‍ എവിടെ നിന്നും പണം കണ്ടെത്തും ..

സര്‍ക്കാരിന്റെ നികുതി വരുമാനം കുറയുമെന്നത്
MLA അംഗീകരിക്കുന്നുണ്ട് … അത്രയും ഭാഗ്യം ..
പിന്നീട് അദ്ദേഹം വാചാലനാകുന്നത് പാഴ് ചിലവുകളെക്കുറിച്ചാണ്.
പക്ഷേ മുന്‍ UDF സര്‍ക്കാറിനെ താരതമ്യം ചെയ്ത് എന്താണ് ധൂര്‍ത്ത് ,എന്താണ് പാഴ് ചിലവ്, എന്നൊന്നും ഒരു വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പോലും അദ്ദേഹത്തിന് സമര്‍ത്ഥിക്കാനാവുന്നില്ല ..
അതു കൊണ്ടു തന്നെ അതൊരു വെറും രാഷ്ട്രീയ ആരോപണമായേ കാണാനാവൂ ..

പാഴ് ചിലവിനെക്കുറിച്ചൊക്കെ വാചാലനാകുമ്പോള്‍ ,
ഒരു മുഖ്യമന്ത്രിയും ഒരു പറ്റം UDF നേതാക്കളും ചേര്‍ന്ന് നടത്തിയ അശ്ശീല അഴിമതി അന്തര്‍നാടകങ്ങളുടെ അന്വേഷത്തിനായി സോളാര്‍ കമ്മീഷനെ നിയമിക്കേണ്ടി വന്നതിന് ഈ സംസ്ഥാനം സഹിക്കേണ്ടി വന്ന അധിക ചിലവിനെക്കുറിച്ച് മറന്നു പോകരുത് ..
അതുപോട്ടെ ഇപ്പോഴും ഒരു സാദാ MP യായ രാഹുലന്
തന്റെ പാര്‍ലിമെന്റ് മണ്ഡലത്തില്‍ അതിഥിയെ പോലെ വന്നു പോകാനുള്ള വന്‍ സെക്യൂരിറ്റി പാഴ്ചിലവ് കാണാതെ പോകരുത്.
ഫണ്ട് ഏതു തന്നെയായാലും അത് ജനങ്ങളുടെ പണമാണല്ലോ ..

അതു മാത്രമോ .. ഒരു വില്ലേജ് ഓഫീസര്‍ക്ക് വിതരണം ചെയ്യാന്‍ അധികാരമുള്ള ആനുകൂല്യങ്ങള്‍ പോലും നാടകീയ രംഗങ്ങള്‍ സൃഷ്ട്ടിച്ച് പരിഗണിക്കാനായി, ലക്ഷങ്ങള്‍ ചിലവഴിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നിര്‍മ്മിതിക്കായി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെന്ന UDF സര്‍ക്കാറിന്റെ പി.ആര്‍. ധൂര്‍ത്തിനെ ആ സര്‍ക്കാറിന്റെ ഭാഗമായിരുന്ന MLA ഇത്ര പെട്ടന്ന് മറന്നു പോകരുത്.

സാധാരണ ചിലവുകളെയും കോവിഡിന്റെ പ്രത്യേക ചിലവുക ളെയും വേര്‍തിരിച്ച് വിവക്ഷിക്കുന്ന MLA യ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓരോ ജനസമ്പര്‍ക്ക പരിപാടിക്കും ചിലവു വന്ന സംഖ്യയും , ഓരോ പരിപാടിയിലും മുഖ്യമന്ത്രിയുടെ ആ കപ്പാസിറ്റിയിലുള്ള ഇടപെടല്‍ കൊണ്ടു ‘മാത്രം’ സാദ്ധ്യമായ പ്രശ്‌ന പരിഹാരങ്ങളും അതിന്റെ ആനുകൂല്ല്യ സംഖ്യയും പ്രത്യേകം പ്രത്യേകമായി വേര്‍തിരിച്ച് ഒന്നു പ്രസിദ്ധീകരിക്കാമോ ?

ധൂര്‍ത്ത് എന്ന വാക്കിന്റെ മലയാള അര്‍ത്ഥം MLA യ്ക്ക് അതിലൂടെ ലളിതമായി പഠിക്കാവുന്നതാണ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവായി ചെയ്തുവരുന്ന ജോലികള്‍ക്ക് പുറമേ , ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ പ്രമാണിച്ച് പ്രത്യേകമായി ചെയ്ത അധിക ജോലിയുടെ ഫലമായുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ഇതില്‍ കണക്കാക്കാന്‍ പാടുള്ളൂ എന്ന ബേസിക് സോഷ്യല്‍ ഓഡിറ്റിങ്ങ് തത്വം, സോഷ്യല്‍ ഓഡിറ്റിങ്ങ് വിദഗ്ദനായ MLA യെ ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ?
മാത്രമല്ല അപ്രകാരം ഇടപെടല്‍ ആവശ്യമാക്കാനിടയായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവോ എന്നും വ്യക്തമാക്കിയാല്‍ നന്ന്..

പിന്നെ അധികച്ചിലവുകളുടെ കാര്യം ..
രൂപയുടെയും, രാഷ്ട്രീയ ധാര്‍മ്മികതയുടെയും, മൂല്യതകര്‍ച്ചമൂലമുണ്ടാകുന്ന അധികച്ചിലവുകളൊക്കെ നമുക്ക് പറയാതെത്തന്നെ അറിയാവുന്നതാണല്ലോ ..
കൂറ്റനാട് – ചാലിശ്ശേരി റോഡിനരികില്‍ ഭാര്‍ഗ്ഗവീ നിലയം പോലെ നില്‍ക്കുന്ന
‘ടെയ്ക് എ ബ്രേക്ക് ‘ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഇനിയും ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത ഒരു സാധാരണ കുഞ്ഞു കെട്ടിടത്തിന് വന്ന നിര്‍മ്മാണ ചിലവ് എത്രയെന്ന് കണക്കാക്കിയാല്‍ തന്നെ , ഇത്രയും വലിയ ഒരു മഹാമാരിയെ നേരിടാനെന്നല്ല ,ഓരോ കുഞ്ഞുകുഞ്ഞു കാര്യത്തിനും വേണ്ടി വരുന്ന ചിലവും , പാഴ്ചിലവും ധൂര്‍ത്തുമൊക്കെ ആര്‍ക്കും വേര്‍തിരിച്ച് മനസ്സിലാവുന്നതല്ലേ ..

fb യിലിരുന്ന് ചോദ്യങ്ങള്‍ ചോദിക്കാതെ, നിയമസഭയില്‍ മന്ത്രിമാര്‍ ഉത്തരവാദിത്വത്തോടെ മറുപടി പറയുമ്പോള്‍
കൂവി വിളിക്കാതെ ,ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഉത്തരവാദിത്വത്തോടെ മറുപടി പറയണം.

വരുമാന ശോഷണത്തിന്റെ ഈ അത്യപൂര്‍വ്വമായ പ്രതിസന്ധി ഘട്ടത്തിലും ആരെയും കൈവിട്ടിട്ടില്ല കേരളത്തിലെ LDF സര്‍ക്കാര്‍..

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി
ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായവും.
10,000 രൂപ പലിശരഹിതവായ്പയും

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി
സ്റ്റേജ് ക്യാരേജ് – കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപയും ‘ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപയും ,ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപയും ഓട്ടോറിക്ഷ – ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപയും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപയും ധനസഹായം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി ആ മേഖലയിലെ തൊഴിലാളികള്‍ക്ക്
പലിശരഹിത വായ്പയായി 10,000 രൂപ വീതവും
ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ 5000 കൂടി പ്രത്യേക വായ്പയും

ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി ആ തൊഴിലാളികളുടെ വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ്. കൂടാതെ എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ.

കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി ആ മേഖലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ആശ്വാസ ധനം.
ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം.
കൊറോണ സംശയിച്ച് വീട്ടിലോ ആശുപത്രികളിലോ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി
നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്.
രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയ, 2018ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയവര്‍ക്ക് 1000 രൂപ
ധനസഹായം.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി
കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായം.
ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായം.

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി ആ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു തൊഴിലാളിക്ക് 750 രൂപ വീതം ധനസഹായം

ട്രാന്‍സ് ജന്റര്‍ വിഭാഗത്തില്‍പ്പെട്ട 1000 വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് ..

ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് വഴി
ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ രണ്ട് കോടി രൂപ.

കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക് ക്ഷേമനിധി വഴി വക്കീല്‍ ഗുമസ്ഥന്‍മാര്‍ക്ക് 3000 രൂപ വരെ ആശ്വാസ ധനം.

ഇതെല്ലാം ഈ രോഗാതുര കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത പെട്ടന്നുള്ള സാമ്പത്തിക ബാദ്ധ്യതകള്‍ തന്നെയല്ലേ …?
മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ടവരെല്ലാം ഈ സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവകാശപ്പെട്ടവര്‍ തന്നെയല്ലേ ..?

ഒരു കുടുംബത്തിന്റെയും സുരക്ഷ വിട്ടുകളയാനാകില്ല LDF സര്‍ക്കാറിന്.
ഈ സമൂഹത്തില്‍ ഓരോ തൊഴിലാളി കുടുംബവും വയറു വിശക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍ ..

സര്‍ക്കാറിന്റെ എല്ലാ വരുമാന മാര്‍ഗ്ഗങ്ങളും അക്ഷരാര്‍ഥത്തില്‍ നിലച്ചിരിക്കയാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്കുപോലുമറിയാം
അത് MLAയ്ക്കും അറിയാഞ്ഞിട്ടല്ല ..
പക്ഷേ ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.

ലോക്ക് ഡൗണ്‍ മൂലം ഈ നാട് സ്തംഭനാവസ്ഥയിലാണ്.
GST വിഹിതം ന്യായമായ രീതിയില്‍ ലഭിക്കുന്നില്ല.
ഭൂമി റജിസ്‌ട്രേഷന്‍ നിലച്ചതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ വരുമാനവും നിലച്ചു.
മോട്ടോര്‍ വാഹന നികുതി നിലച്ചു.
വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍ പെട്രോളിയത്തില്‍ നിന്നുള്ള വരുമാനം നിലച്ചു.
ബീവറേജസ് അടച്ചു പൂട്ടിയതിനാല്‍ മദ്യത്തിനുള്ള വില്‍പ്പന നികുതി പൂര്‍ണ്ണമായും ഇല്ലാതായി
ലോട്ടറിയില്‍ നിന്നുള്ള വരുമാനം നിലച്ചു .
കേന്ദ്ര വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ഗണ്യമായി ഇടിഞ്ഞു കഴിഞ്ഞതാണ്
കേന്ദ്രത്തിന്റെ കോവിഡ് പാക്കേജിലാകട്ടെ അതിക്രൂരമായ അവഗണനയും.
മറ്റ് ഏത് തനത് നികുതിയും , നികുതിയേതര വരുമാന മാര്‍ഗ്ഗങ്ങളുമാണ്
ഒരു സംസ്ഥാന സര്‍ക്കാറിന് മുന്നിലുള്ളത് ?

ഈ ബാദ്ധ്യതകളെല്ലാം നികത്താനല്ല സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുന്നത്.
ദുരന്തത്തെ അതിജീവിക്കുന്ന ഈ നാടിന്റെ ഭാഗമായി നില്‍ക്കാനാണ്.

‘എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ആരാണ് വഹിക്കേണ്ടത്, ഉദ്യോഗസ്ഥര്‍ മാത്രമാണോ’ എന്ന് ഇപ്പോള്‍ ചോദിക്കുന്ന MLA പണ്ട് താന്‍ ഭരണപക്ഷത്തായിരുന്നപ്പോള്‍ 14-01-2013 തിയ്യതി പോസ്റ്റ് ചെയ്ത ആ പഴയ fbപോസ്റ്റിലെ വാചകങ്ങള്‍ ഒന്നോര്‍ത്തെടുക്കുന്നത് നന്നായിരിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍പോലും വേണ്ടെന്ന് വാദിക്കുന്ന,സര്‍ക്കാര്‍ ജീവനക്കാരോടു സ്‌നേഹം തുളുമ്പുന്ന ആ പോസ്റ്റില്‍ ഒരു ഭാഗത്ത് ഇങ്ങനെ കാണുന്നു.

‘ ഇന്ന് പൊതുവിഭവങ്ങളുടെ സിംഹഭാഗവും ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും വിരമിച്ചവരുടേയും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങളാണ് നഗ്‌നമായി ഹനിക്കപ്പെടുന്നത്. റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനത്തിലേറെ ശമ്പളം, പെന്‍ഷന്‍ വകയില്‍ നീക്കിവെക്കപ്പെടുമ്പോള്‍ ബാക്കിയുള്ള ഇരുപത് ശതമാനം മാത്രമേ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നുള്ളൂ. ദുര്‍ബലജനവിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികളെല്ലാം നടത്തിക്കൊണ്ട് പോകേണ്ടത് തുച്ഛമായ ഈ തുക ഉപയോഗിച്ചുകൊണ്ടാണ്. ‘

അതായത് ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിരമിച്ചവരും റവന്യൂ വരുമാനത്തിന്റെ 80% കയ്യടക്കുന്നുവെന്നും, ബാക്കിയുള്ള 98% ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂ വരുമാനത്തിന്റെ 20% മാത്രമേ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുള്ളൂ എന്നുമാണ് 2013 ല്‍ MLA വാദിച്ചിരുന്നത് .

സര്‍ക്കാര്‍ ജീവനക്കാരോട് അന്നില്ലാത്ത സ്‌നേഹം ഇപ്പോള്‍ അങ്കുരിച്ചതാണോ ?
അതോ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തേക്കു മാറിയപ്പോഴുള്ള നിലപാടു മാറ്റമാണോ ?
അതോ നിലപാടേ ഇല്ല, എന്നതാണോ നിലപാട് ..?

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും ശമ്പളവും കവര്‍ന്നെടുത്ത AK ആന്റണി നയിച്ച UDF സര്‍ക്കാറിന്റെ നയമല്ല സ:പിണറായി വിജയന്‍ നയിക്കുന്ന LDF സര്‍ക്കാറിന്റെ നയം

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ ക്രിമിനലുകളായിക്കണ്ട് വേട്ടയാടിയ 2002 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 9 വരെയുള്ള ആ ഇരുണ്ട 32 ദിനരാത്രങ്ങള്‍ മറന്നു പോയിട്ടില്ലാത്തവരാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ..

അതു കൊണ്ടു തന്നെയാണ് പല കുബുദ്ധികളും എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും 2018 ലെ സാലറി ചലഞ്ച് അവര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച് ഈ നാടിനോട് ചേര്‍ന്നു നിന്നത്.

സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെങ്കിലും MLA എന്ന നിലയില്‍ നിങ്ങളുടെയൊക്കെ ജീവിതവും ചികിത്സകള്‍ പോലും സര്‍ക്കാര്‍ ചിലവിലാണ് .
അതായത് ഞാനുള്‍പ്പെടെയുള്ള ജനങ്ങളുടെ ചിലവിലാണ്.
ഭാവിയില്‍ നിങ്ങള്‍ വാങ്ങുന്ന MLA പെന്‍ഷനും അങ്ങിനെത്തന്നെയാണ് ..
എന്നാല്‍ സാധാരണ ജനങ്ങളുടെ കാര്യം അങ്ങനെയല്ല ..

രമേശ് ചെന്നിത്തല നിയമസഭയില്‍ മുന്നോട്ടുവെച്ച അമേരിക്കന്‍ മോഡല്‍ മെറ്റിഗേഷന്‍ മെത്തേഡായിരുന്നെങ്കില്‍ ഒരു പക്ഷേ ഈ സാലറി ചലഞ്ചൊന്നും വേണ്ടി വരില്ലായിരുന്നു ..
ഒരു പക്ഷേ അത്രയൊന്നും നമ്മളെത്തുമായിരുന്നില്ല ..
മുതലാളിത്ത രാഷ്ട്രങ്ങളിലേതുപോലെ സര്‍ക്കാറിന് വലിയൊരു വിഭാഗം ജനങ്ങളെ ശ്രദ്ധിക്കാതെ വിടാമായിരുന്നു
പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് -ഇടതു പക്ഷ ഗവണ്‍മെന്റ്
എല്ലാ മനുഷ്യ ജീവനുകള്‍ക്കും ഒരുപോലെ വില കല്‍പ്പിക്കുന്നു.

ഒറ്റ ദിവസം കൊണ്ടാണ് 276 ഡോക്റ്റര്‍മാരെയും ആവശ്യത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരെയും PSC മുഖാന്തിരം നിയമിച്ചത്.

ഇറ്റലിയില്‍ നിന്നും വന്ന, സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും കോവിഡ് പിടിപെട്ട 93 വയസ്സുള്ള ശ്രീ: തോമസ്സും 88 വയസ്സുള്ള ശ്രീമതി: മറിയാമ്മയും രോഗം മാറി ആശുപത്രി വിട്ട വാര്‍ത്തയെ അത്ഭുതത്തോടെയാണ് ഈ ലോകം നോക്കി കണ്ടത് .

പ്രളയകാലത്തെ സംഭാവനകള്‍ ദുരിതത്തില്‍പ്പെട്ട ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് രണ്ടു വര്‍ഷത്തിനു ശേഷം സമ്മതിക്കുകയും , എന്നാല്‍ ഇപ്പോഴത്തെ സാലറി ചലഞ്ച് സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഇപ്പോള്‍ പറയുകയും ചെയ്യുന്ന MLA ‘സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ‘ എടുത്തു പറയുന്നതിലൂടെ, ജനങ്ങളുടെ ജീവന്‍ സര്‍ക്കാറിന്റെ സമ്പത്തോ അത് സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാദ്ധ്യതയോ അല്ല എന്ന മുതലാളിത്ത മനസ്സിന്റെ ഉല്‍പ്പന്നവും പ്രതിഫലനവുമാണ് പ്രകടമാക്കുന്നത്.

MLA യുടെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനും മഹാരാഷ്ട്രയും , മാത്രമല്ല തെലുങ്കാനയും ഒഡീഷയും ആന്ധ്രയും ജീവനക്കാരോട് ഒരഭ്യര്‍ത്ഥനയും നടത്താതെ
ജീവനക്കാരുടെ ശമ്പളം തന്നെ വെട്ടിക്കുറക്കുകയാണ് ചെയ്തത് .
അതിനെ സംബന്ധിച്ച വാര്‍ത്താ ലിങ്കുകള്‍
കമന്റ് ബോക്‌സിലുണ്ട്

എന്നാല്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ ജീവനക്കാരെ പിടിച്ചു പറിക്കുക എന്നല്ല…
അവരെ ഈ സമൂഹത്തോടൊപ്പം നിര്‍ത്തുക എന്നതാണ് LDF സര്‍ക്കാറിന്റെ നയം
അതാണ് നാം നടപ്പിലാക്കുന്നത് ..
അതില്‍ സാമ്പത്തിക പ്രയാസം മൂലം ഒഴിവാക്കപ്പെടേണ്ടവരെ ഒഴിവാക്കാനും , തവണകളായി കൊടുക്കാനുള്ള അവസരമൊരുക്കാനും , അവശ്യ സര്‍വ്വീസില്‍ കൈമെയ് മറന്ന് നാടിനെ സേവിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാനും ഈ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളതാണെന്ന് 2018ല്‍ തന്നെ ഈ നാടിനും ഇവിടുത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോദ്ധ്യമായിട്ടുള്ളതാണ് .

ഈ ദുരിതകാലത്ത് സമൂഹത്തിലെ എല്ലാ വിഭാഗവും സഹിക്കുകയും ത്യജിക്കുകയുമാണ് ..
കൂലിപ്പണിക്കാര്‍ …. കച്ചവടക്കാര്‍… എന്നു വേണ്ട
സധാരണ പൗരന്‍മാരുടെ സര്‍വ്വ ജീവസന്ധാരണ മേഖലയും പൂര്‍ണ്ണമായും നിശ്ചലമാണ്.
ഇവരെല്ലാം ഉള്‍പ്പെട്ടതാണ് ഈ സമൂഹം..
ഇവരെയൊക്കെ സേവിക്കുന്നതിനു വേണ്ടിത്തന്നെയാണ് സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും..

പബ്ലിക്ക് സര്‍വ്വന്റ്‌സ് … പൊതുജന സേവകര്‍ ..അതാണ് പേര്..
പബ്ലിക്ക് – ജനം – അവരാണ് സര്‍വ്വാധികാരികള്‍..
ജനമില്ലെങ്കില്‍ ഭാവിയില്‍ ജനസേവകരെ ആവശ്യമില്ല .. സേവകര്‍ക്ക് എന്നെന്നേക്കുമായി ശമ്പളവുമില്ല ..

പബ്ലിക്കിന് മാത്രമേ വൈറസ് ബാധിക്കൂ എന്നും
പബ്ലിക്ക് സര്‍വ്വന്റ്‌സിന് ബാധിക്കില്ല എന്നുമില്ല.
അവരുടെ ചികിത്സയും നടക്കുന്നത്
ജനത്തിന്റെ ചിലവിലാണെന്ന് ഓര്‍മ്മ വേണം

പൊതുജനമില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമില്ല..
സര്‍ക്കാര്‍ ജീവനക്കാരുടെയും , പഞ്ചായത്ത് മെമ്പര്‍മാരുടെയും MLA മാരുടെയും MP മാരുടെയും ആവശ്യമില്ല ..
പൊതുജനമില്ലെങ്കില്‍ ഇവര്‍ക്ക് സ്വന്തമായി നിലനില്‍പ്പുമില്ല ..

ആ പൊതുജന സമൂഹത്തെ ജീവനോടെ നിലനിര്‍ത്താനുള്ള പോരാട്ടമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് .

മഹാമാരിയെ നേരിടാന്‍ നാട് സഹിക്കുന്ന വലിയൊരു ത്യാഗം …
അതോടൊപ്പം നില്‍ക്കാന്‍
ചെറിയൊരു ത്യാഗം…,
അത് പൊതുജന സേവകരും സഹിക്കണം ..
അത്രയേ വേണ്ടൂ ..
അത്രയേ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുള്ളൂ …

അത് ജീവനക്കാരെ ബോദ്ധ്യപ്പെടുത്തേണ്ട നേതൃപാടവം പുലര്‍ത്തേണ്ട പൊതുപ്രവര്‍ത്തകര്‍ത്തന്നെ
അവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും ..

ഈ നാട് എന്തൊരു ഗതികേടിലാണ് ..!
ജനങ്ങളുടെ അതിജീവനത്തിനായുള്ള ഫണ്ടിങ്ങില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന ചുരുക്കം ചില ജനനേതാക്കള്‍ ..

അതിനിടയില്‍ പുര കത്തുമ്പോള്‍ വാഴവെട്ടും പോലെ
വ്യാജ പ്രചരണം നടത്തുന്ന വേറെ ചിലര്‍ ..
ബീവറേജസ് അടപ്പിക്കാന്‍ സമരം ചെയ്ത്
കള്ളവാറ്റു നടത്തുന്നവര്‍ …

മദമിളകിയ ആനയെ തളയ്ക്കുന്നതിനിടെ,
തുടലഴിഞ്ഞു പോയ പട്ടിയെ പിടിച്ചുകെട്ടേണ്ട ഗതികേട് ..

അത് ഈ നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ..

പണമടങ്ങിയ ബാഗ് വഴിയില്‍ നിന്നും വീണു കിട്ടിയാല്‍ അത് യഥാര്‍ത്ഥ ഉടമയെ തിരിച്ചേല്‍പ്പിക്കുന്നവരെ പൊട്ടന്‍ എന്നു വിളിക്കുന്നവര്‍ ഈ സമൂഹത്തിലുമുണ്ട് ….

അപകടത്തില്‍ പരിക്കുപറ്റിക്കിടക്കുന്ന ഒരു സഹജീവിയെ , മറ്റെല്ലാം മാറ്റി വെച്ച് വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുന്നവനെ വിഡ്ഢി എന്നു വിളിക്കുന്നവരും
ഈ സമൂഹത്തിലുണ്ട് ….

അങ്ങിനെയുള്ളവര്‍ വീണ്ടും വീണ്ടും ചോദിച്ചേക്കാം …
ഇതെന്ത് തലതിരിഞ്ഞ സര്‍ക്കാരാണ് എന്ന്..

അവരോട് നമുക്ക് പറയാം ..
ഇത് തലതിരിഞ്ഞ സര്‍ക്കാറു തന്നെയാണ് ….
കിടപ്പാടമില്ലാത്തവന് കിടപ്പാടം കൊടുക്കുന്ന ..
അന്നമില്ലാത്തവന് അന്നം വീട്ടിലെത്തിച്ചു കൊടുക്കുന്ന..
സമ്പന്ന രാഷ്ട്രങ്ങള്‍ കാലിടറി വീഴുമ്പോഴും
മഹാമാരിയോട് പൊരുതി നില്‍ക്കുന്ന ..
ലക്ഷങ്ങള്‍ വിലമതിക്കുന്ന ചികിത്സ സൗജന്യമായി കൊടുക്കുന്ന ..
മാനവീകതയെ ഉയര്‍ത്തിപ്പിടിക്കുന്ന ..
പാവപ്പെട്ടവനെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുവാന്‍,
ലാഭനഷ്ടങ്ങളുടെ കണക്കു നോക്കാത്ത..
തലതിരിഞ്ഞ സര്‍ക്കാര്‍ …

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News