കേരള- കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; വിലക്ക് തുടര്‍ന്ന് കര്‍ണ്ണാടക

ദില്ലി: കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തിവിടാന്‍ ധാരണയായതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

അതിര്‍ത്തി അടക്കല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നുവെന്നും ഇതില്‍ പ്രശ്‌ന പരിഹാരത്തിന് ധാരണയായതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

തലപ്പാടിയിലൂടെ കേരളത്തില്‍ നിന്നുള്ള രോഗികളെ കടത്തിവിടും. കോവിഡ് രോഗികള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനയുണ്ടാകും. ഇതിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കി. അതിര്‍ത്തിയില്‍ ഇപ്പോള്‍ പ്രശ്നം നിലനില്‍ക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രശ്‌ന പരിഹാരമായെന്ന കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു.

വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായതിനാല്‍ കര്‍ണാടകയുടെ ആവശ്യം അപ്രസക്തമായെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം തീര്‍പ്പാക്കി.

അതേസമയം സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത് ഹര്‍ജിക്കാരെ കേള്‍ക്കാതെയാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാര്‍, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരുടെ അഭിഭാഷകര്‍ക്ക് വാദിക്കാന്‍ സമയം ലഭിച്ചില്ല. പകരം കേന്ദ്ര സര്‍ക്കാരിനെ മാത്രം വീഡിയോ കോണ്ഫറനസിലൂടെ കേട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു. ഇതാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്.

ഇതിനിടെ, രോഗിയുമായെത്തിയ ആംബുലന്‍സ് അതിര്‍ത്തിയില്‍ തടഞ്ഞു കര്‍ണാടക തിരിച്ചയച്ചു. സുപ്രീംകോടതി വിധിക്ക് ശേഷമെത്തിയ ആംബുലന്‍സ് ആണ് കര്‍ണ്ണാടക പൊലീസ് തടഞ്ഞത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പൊലീസ് അതിര്‍ത്തി കടത്തിവിട്ടില്ലെന്നും മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് കര്‍ണാടകയുടേതെന്നും രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News