ലോക് ഡൗണ്‍ 14ന് ശേഷവും തുടരാന്‍ സാധ്യത; നീട്ടണമെന്ന് ആവശ്യപ്പെട്ട് 10 സംസ്ഥാനങ്ങള്‍; അന്തിമതീരുമാനം മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം

ദില്ലി: ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടുമെന്ന് സൂചന. 10 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, യുപി, അസാം, ചത്തീസ്ഗഡ് തുടങ്ങിയ പത്തു സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തിലാണ്. കോവിഡ് ചില മേഖലകളില്‍ സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണം കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പ്രശ്നമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടികാട്ടുന്നു.

ഈ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ അവസാനിക്കാന്‍ ഇനി എട്ട് ദിവസം മാത്രമുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്.

ട്രെയിന്‍, ബസ് തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ ആരംഭിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് കോറോണ വലിയ രീതിയില്‍ വ്യാപിച്ച സംസ്ഥാനങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ലോക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.

മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് മന്ത്രിതല സമിതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി.

അതേ സമയം, ദില്ലി ക്യാന്‍സര്‍ സെന്ററില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്യാന്‍സര്‍ സെന്ററില്‍ രോഗികളുടെ എണ്ണം 19 ആയി. ഇതില്‍ 9 മലയാളി നഴ്സുമാരും ഉള്‍പ്പെടുന്നു. ക്യാന്‍സര്‍ സെന്റര്‍ അടച്ചു. ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധിച്ച നഴ്സുമാരെ മാറ്റി. ഇതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ആശുപത്രി അധികൃതരുടെ വീഴ്ച്ചയാണ് രോഗ വ്യാപനത്തിന്കാരണമായതെന്ന് നഴ്സുമാര്‍ കുറ്റപ്പെടുത്തുന്നു.

സുരക്ഷ സജീകരണങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്യേണ്ടി വന്നതെന്നും അവര്‍ വെളിപ്പെടുത്തി. മുംബൈ ധാരവിയില്‍ ഒരാളില്‍കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരിയില്‍ രോഗികളുടെ എണ്ണം മൂന്നായി വര്‍ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News