സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 12 പേര്‍ക്ക് രോഗം ഭേദമായി; നഴ്സുമാരുടെ സേവനത്തിന് നന്ദി അര്‍പ്പിച്ച് മുഖ്യമന്ത്രി; ലോക്ക് ഡൗണ്‍ ഇളവില്‍ കേന്ദ്ര നിലപാട് അന്തിമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും കണ്ണൂരില്‍ മൂന്നു പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 2 പേര്‍ ദില്ലിയിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണെന്നും ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോകാരോഗ്യദിനമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന ആശങ്കകളും പ്രയാസങ്ങളും അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് കൊറോണ ബാധിച്ച വയോധിത ദമ്പതികള്‍ കോവിഡ് മുക്തയായത് ആരോഗ്യരംഗത്തിന്റെ നേട്ടമാണ്. കോവിഡ് ബാധിച്ച കോട്ടയത്തെ നഴ്സുമാര്‍ വീണ്ടും സേവന സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തില്‍ നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും അടുത്ത മാസങ്ങളിലേക്കായി സംഭരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്ന് വിഷു, ഈസ്റ്റര്‍ വിപണിക്കായുള്ള പച്ചക്കറികള്‍ കൃഷി വകുപ്പ്, കര്‍ഷകവിപണികള്‍ വഴി സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന്റെ മറവില്‍ കരിചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.

പരാതികളെ തുടര്‍ന്ന് 326 വ്യാപാര സ്ഥപനങ്ങളില്‍ പരിശോധന നടത്തി. മത്സ്യ വിപണിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്. പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കിച്ചണ്‍ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കിണ് ഭക്ഷണ വിതരണ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില സ്ഥലങ്ങളില്‍ മരുന്നു ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. വിതരണത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും കൂടുതല്‍ ശ്രദ്ധിക്കും. അട്ടപാടിയില്‍ വ്യാജമദ്യം വില്‍പ്പന ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവിടെ എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാം. വര്‍ക്ക് ഷോപ്പുകള്‍ക്ക് ശനി, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്ട്ട്‌സ് കടകള്‍ കൂടി തുറക്കും. ഫാന്‍, എയര്‍കണ്ടീഷണര്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്നതിനെക്കുറച്ചും പരിഗണിക്കും. ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറിംഗ് നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനത്തിന് ധനസമാഹരണത്തിനായി പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കിയ നടപടി പ്രദേശിക വികസനത്തെ ബാധിക്കുമെന്നും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അതാത് പ്രദേശത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ സംബന്ധിച്ച ഇളവ് കേന്ദ്ര നിലപാടാണ് അന്തിമമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര തീരുമാനം അറിഞ്ഞിട്ടാണ് സംസ്ഥാനം നിലപാട് സ്വീകരിക്കുകയെന്നും കര്‍മ്മ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനുള്ള കേരളത്തിന്റെ ശുപാര്‍ശയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News