ദേശീയ മാധ്യമങ്ങള്‍ പറയുന്നു; കേരളത്തില്‍ കൊറോണ തോറ്റുതുടങ്ങി

പകർച്ചവ്യാധിയാകട്ടെ, പ്രകൃതിദുരന്തമാകട്ടെ, പൊതുസേവനങ്ങളിലും ഭരണരംഗത്തും കൂടുതൽ മുതൽമുടക്ക്‌ നടത്തുന്ന സംസ്ഥാനങ്ങൾ ഫലപ്രദമായി നേരിടും–- ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം ചൊവ്വാഴ്‌ചത്തെ മുഖപ്രസംഗം അവസാനിപ്പിച്ചത്‌ ഈ വരികളോടെ.

“മുഖ്യപോരാളികൾ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പ്രധാനമായും പ്രതിപാദിച്ചത്‌ കോവിഡിനെ കേരളം നേരിടുന്ന രീതിയെ കുറിച്ച്. രണ്ട്‌ പ്രളയവും നിപായും മറികടന്ന കേരളം കോവിഡിനെയും തരണംചെയ്യുകയാണെന്ന്‌ പത്രം വിലയിരുത്തി.

പ്രതിസന്ധി ഘട്ടം കൈകാര്യംചെയ്യുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള അനുഭവസമ്പത്തും‌ സർക്കാരിലുള്ള പൊതുജനവിശ്വാസവും പ്രത്യേകം പരാമർശിച്ചുന്നു. ജനങ്ങളുമായി നേരിട്ട്‌ സംവദിച്ച്‌ കൃത്യമായ തന്ത്രവും സുരക്ഷാ മാനദണ്ഡങ്ങളും മുന്നോട്ടുവയ്‌ക്കുന്ന പിണറായി മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നുവെന്നും പത്രം വിശേഷിപ്പിച്ചു.

കോവിഡിനെ കേരളം നിയന്ത്രിച്ചുതുടങ്ങിയെന്ന വിലയിരുത്തലിലാണ് മറ്റ്‌ ദേശീയമാധ്യമങ്ങളും. ജനുവരി 30ന്‌ കേരളത്തിലാണ് രാജ്യത്തെ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി ആദ്യം രണ്ട്‌ കേസുകൾ കൂടി. പിന്നീട്‌ മാർച്ചിലാണ്‌ പുതിയ കേസുകൾ വരുന്നത്.

മാർച്ച്‌ 21ന് കേരളത്തില്‍ രോ​ഗികള്‍ 50 കടന്നു. മാർച്ച്‌ 24 ന്‌ നൂറും 27 ന്‌ നൂറ്റമ്പതും 29 ന്‌ ഇരുനൂറും ഏപ്രിൽ നാലിന്‌ മുന്നൂറും രോ​ഗികള്‍. മാർച്ച്‌ 20 ന് മാത്രം 28 ൽ നിന്ന്‌ നാൽപ്പതിലേക്ക്‌ കേസുകൾ കൂടി. ഭൂരിഭാഗം ദിനവും 15 മുതൽ നാൽപ്പത്‌ ശതമാനംവരെ എന്ന തോതിലാണ്‌ പുതിയ കേസുകൾ ഉണ്ടായത്. രോ​ഗമുക്തര്‍എഴുപതിലേറെ.

ഏപ്രിൽ ആദ്യംമുതൽ സ്ഥിതി മാറി. അഞ്ച്‌ ദിവസമായി രണ്ട്‌ ശതമാനത്തിനും നാല്‌ ശതമാനത്തിനും ഇടയ്‌ക്കാണ്‌ പുതിയ കേസുകൾ. ആശുപത്രി വിടുന്നവരുടെ എണ്ണം പുതിയ കേസുകൾക്കൊപ്പമോ അതിൽ കൂടുതലോ ആയി. ചൊവ്വാഴ്‌ച ഒമ്പത്‌ പുതിയ കേസ് വന്നപ്പോള്‍ 12 പേർ രോഗവിമുക്തരായി. ആകെ എഴുപതിലേറെപേർ രോഗവിമുക്തരായി.

മാർച്ച്‌ 30 വരെ രാജ്യത്ത്‌ ഏറ്റവും കൂടുതൽ രോ​ഗികള്‍ കേരളത്തിലായിരുന്നു. മാർച്ച്‌ 31 ന്‌ ഏറ്റവും കൂടുതൽ രോ​ഗികള്‍ മഹാരാഷ്ട്രയിലായി. പിന്നീട് തമിഴ്‌നാടും ഡൽഹിയും തെലങ്കാനയും കേരളത്തെ മറികടന്നു. ആന്ധ്ര, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിനൊപ്പമെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here