കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിക്ക് നിരവധിപേരുമായി സമ്പര്‍ക്കം

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്‍ നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ വൃക്ക തകരാറില്‍ ആയതിനാല്‍ ആരോഗ്യ സ്ഥിതിയും ഗുരുതരമാണ്. രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും.

സമ്പര്‍ക്കത്തിലൂടെയാണ് മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന് വൈറസ് ബാധ ഉണ്ടായത് എന്നാണ് നിഗമനം.ഇദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ മാഹി എം എം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും പങ്കെടുത്തു.

മാര്‍ച്ച് 18 ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 11പേരോടൊപ്പം ടെമ്പോ ട്രാവലറില്‍ല്‍ യാത്ര ചെയ്തു.വിവാഹ നിശ്ചയ ചടങ്ങില്‍ അന്‍പതോളം പേര്‍ പങ്കെടുത്തതായാണ് വിവരം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്ന ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവര്‍ണമെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഹൃദ്രോഗവും കടുത്ത ന്യുമോണിയായും ഉള്ളതിനാല്‍ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വൃക്ക തകരാറില്‍ ആയതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here