കൊറോണ: മുംബൈ സമൂഹവ്യാപനത്തിലേക്കെന്ന് ബി എം സി

മഹാനഗരത്തില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്നത്തിന്റെ ആദ്യ ഘട്ട സൂചനകള്‍ പ്രകടമാകുന്നതായി ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം മുംബൈയില്‍ ആരംഭിച്ചതായി തോന്നുന്നുവെന്നും സമീപ പ്രദേശങ്ങളില്‍ നിന്ന് പുറത്തുവരുന്ന പുതിയ പോസിറ്റീവ് കേസുകളില്‍ രോഗികളുടെ വിവരങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നുമാണ് ബി എം സി അധികൃതര്‍ പറയുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വൈകുന്നതില്‍ ആശങ്കയിലാണ് നഗരവാസികള്‍.

2020 ലെ കണക്കനുസരിച്ചു മുംബൈയില്‍ ഏകദേശം രണ്ടര കോടിയോളം ജനങ്ങളാണ് വസിക്കുന്നത്. ഫ്‌ലാറ്റുകളിലും ചാലുകളിലുമായി താമസിക്കുന്ന ഇവരില്‍ ഭൂരിഭാഗവും മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരും പാവപ്പെട്ടവരുമാണ്. നഗരത്തില്‍ സര്‍ക്കാരും ബിഎംസിയും സജ്ജമാക്കിയിരിക്കുന്ന ആശുപത്രികളില്‍ 2000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്ന ഗണ്യമായ വര്‍ധനവും വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് രോഗികളെ പരിചരിക്കുന്നതിനായി കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളും കൂടാതെ പ്രതിരോധ ഉപകാരണങ്ങള്‍ക്കുമായി കേന്ദ്ര സഹായം തേടിയിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍

മുംബൈ നഗരത്തില്‍ ധാരാവി വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തന്നെ വര്‍ളി-പ്രഭാദേവി മേഖലയിലെ ചേരി പ്രദേശങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലയാളികള്‍ ഏറെ തിങ്ങി പാര്‍ക്കുന്ന ഡോംബിവ്ലി കല്യാണ്‍ മേഖലകളില്‍ നിന്നും ആശ്വാസകരമായ റിപ്പോര്‍ട്ടുകളല്ല പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആശുപത്രി സൗകര്യങ്ങളുടെ അഭാവമാണ് പലരെയും ആശങ്കയിലാക്കുന്നത്.

മുംബൈയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്. രോഗികളുടെ എണ്ണം നൂറിലെത്താന്‍ രണ്ടാഴ്ച്ച എടുത്തെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം നൂറിലധികം പേര്‍ക്കാണ് രോഗം വാപിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലേക്ക് വരെ രോഗം പടരുന്ന അവസ്ഥയിലും ശാസ്ത്രീയമായി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി കാത്തിരിക്കയാണ് നഗരം.

മുംബൈയിലെ കോവിഡ് രോഗികളെ പ്രധാനമായും കസ്തൂര്‍ബയിലും കൂടാതെ മറൈന്‍ ഡ്രൈവിലെ സെയ്ഫി, വിലെ പാര്‍ലെയിലെ നാനാവതി, അന്ധേരിയിലെ സെവന്‍ ഹില്‍സ്, എന്നീ ആശുപത്രികളിലായി പരിചരിക്കുവാനുള്ള ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News