മനുഷ്യന്റെ ഇറച്ചിയില്‍ ഇരുമ്പ് കേറുന്ന ശബ്ദം കേട്ടിട്ടുണ്ടോ?, ആര്‍എസ്എസിന്റെ അരുംകൊല രാഷ്ട്രീയത്തെ കുറിച്ച് ഒരു കുറിപ്പ്

സ.വിനീഷിന്റെ രക്തസാക്ഷിദിനമാണ് ഇന്ന്. പൂക്കോട്ടുകാവില്‍ വിനുവേട്ടന്റെ രക്തസാക്ഷി ദിനം ഞങ്ങള്‍ക്ക് ആര്‍എസ്എസിന് എതിരെയുള്ള ഓര്‍മകുറിപ്പാണ്. ആര്‍എസ്എസിന്റെ അരുംകൊല രാഷ്ട്രീയത്തെ കുറിച്ച് ശ്രീകാന്ത് ശിവദാസന്റെ ഒരു കുറിപ്പ്…

നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസാനയോര്‍മ്മ എന്താണ്? എനിക്ക് അതു അറ്റു വീഴുന്നൊരു കൈയാണ്. വിനുവേട്ടനെ പരിചയപ്പെടുന്നത് ഗ്രൗണ്ടിന് അടുത്തു വെച്ചാണ്. വൈകുന്നേരത്തെ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളികളും കുന്നിന്‍ മുകളില്‍ കമ്പ് വെച്ചുണ്ടാക്കിയ ഗ്രില്ലില്‍ ചിക്കന്‍ ചുടുന്നതും മാങ്ങയേറും പൂരത്തിനുള്ള ഡാന്‍സ് കളികളും ഒക്കെ അനവധിയാണ്.

പക്ഷെ എട്ടു കൊല്ലത്തിനിപ്പുറം അതൊക്കെ ഓര്‍ത്തെടുക്കാന്‍ ഓര്‍മകളിലൂടെ ഒരുപാട് പിന്നോട്ടു പോക്കണം. പക്ഷെ വിനുവേട്ടനെ ഓര്‍ക്കുമ്പോള്‍ ആദ്യം വരുന്ന ഓര്‍മ റോഡിന്റെ ഇടതു വശത്തെക്കുള്ള ചാലില്‍ നിന്നും കാറിലേക്ക് കയറ്റുന്ന സമയത്തു ദേഹത്തു നിന്നും അറ്റു വീണു കൊണ്ടിരിക്കുന്ന കൈയാണ്.

മനുഷ്യന്റെ ഇറച്ചിയില്‍ ഇരുമ്പ് കേറുന്ന ശബ്ദം കേട്ടിട്ടുണ്ടോ? ഇറച്ചി കടയില്‍ മൃഗങ്ങളെ വെട്ടുന്ന ശബ്ദം പോലെയല്ല അതു. അവിടെ ഇടക്കിടക്ക് മടാള് എല്ലില്‍ തട്ടും, താഴെയുള്ള മുട്ടിയില്‍ തട്ടും. പക്ഷെ മനുഷ്യന്റെ ഇറച്ചിയില്‍ അതിനേക്കാള്‍ പതിഞ്ഞ സ്വരത്തിലാണ് ഇരുമ്പു കേറുന്നത്. ഞെരമ്പുകള്‍ അറുത്തറത്തു ഉള്ളിലേക്ക് കേറുന്നത് നമ്മള്‍ അറിയുമെങ്കിലും വേദന അറിയുന്നത് എല്ലില്‍ തട്ടുമ്പോഴാണ്. അതിന്റെ സ്വരമാണ് നമ്മള്‍ കേള്‍ക്കുക.

ഒറ്റ വട്ടമാണ് എന്നെ വെട്ടിയത്. കഴുത്തിനുള്ള വെട്ടു കൈ കൊണ്ട് തടഞ്ഞതാണ്. പക്ഷെ അഞ്ചു വട്ടം വിനുവേട്ടന്റെ എല്ലില്‍ ഇരുമ്പു കൊള്ളുന്നത് അറിഞ്ഞിട്ടുണ്ട്.

ഇന്നെനിക്കു 24 വയസാണ്. വിനുവേട്ടന്‍ മരിച്ച അതേ പ്രായം. ഇരുപത്തിനാല് വയസ്സു ഒരാള്‍ക്ക് മരിക്കാന്‍ ഉള്ള പ്രായമല്ലന്നു 24 വയസു തികഞ്ഞ ഒരാളെന്ന നിലയില്‍ തീര്‍ത്തു പറയാനാക്കും. ഒരു ദിവസം കൂടി കഴിഞ്ഞുനിരുന്നുവെങ്കില്‍ ദുബായില്‍ പുതിയ ജോലിക്കു ചേര്‍ന്നു ഇടക്ക് നാട്ടില്‍ വരുമ്പോ ഞങ്ങടെ ഒക്കെ ആ പാറപ്പുറത്തിരുന്നു തോട്ടിലെ വെള്ളത്തില്‍ കാലിട്ടു ഞങ്ങടെ കൂടെ രാഷ്ട്രീയവും നാട്ടിലെ വര്‍ത്തമാനോം പറഞ്ഞിരിക്കണ്ട ആളാണ്. പാടം തേവി മൊയ് മീനിനെയും ഞൊങ്ങിയെയും പിടിച്ചു വറത്തു ഊട്ടണ്ട കൈയാണ്.

ഇതൊക്കെ പറഞ്ഞു എത്ര നാള്‍ ഒറ്റക്കും കൂട്ടമായും ഞങ്ങള്‍ പൂക്കോട്ടുകാവുകാര്‍ കരഞ്ഞിട്ടുണ്ട് എന്നറിയുമോ?

അമ്പലത്തില്‍ ശാഖ നടത്തിയതിനെ തടയാന്‍ ചെന്നതിന്റെ പ്രതികാരത്തിനാണ് RSS കാര്‍ വിനുവേട്ടനെ വെട്ടിയത്. അതു എന്തായാലും മറക്കില്ല.

ഞാന്‍ അത്രക്ക് സൂക്ഷമത ഉള്ള ആളൊന്നുമല്ല. പ്രണയിച്ചവര്‍ തന്ന സമ്മാനങ്ങള്‍ പോലും കളഞ്ഞിട്ടുള്ള ആളാണ്. പക്ഷെ മൂന്നു വസ്തുക്കള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

2011ലെ കാളികാവ് പൂരത്തിന് ആശിച്ചു എടുത്ത യൂണിഫോമില്‍ മാച്ചായി ഇട്ടാണ് ഞങ്ങള്‍ രണ്ടു പേര്‍ കൂടി അന്ന് സിനിമക്ക് പോയത്. അപ്പോഴാണ് വെട്ടിയത്. ചോരയിറ്റി കറ പിടിച്ച ഷര്‍ട്ട് കഴുക്കി എടുത്തെങ്കിലും പിന്നീട് ഇട്ടിട്ടില്ല. ഇടുമ്പോഴൊക്കെ ദേഹത്തു ഒരു ആവി കേറുന്ന തോന്നലാണ്.

പിന്നെയുള്ളത് കൊല്ലപ്പെട്ടന്നതിനും രണ്ടു ദിവസം മുന്നേ തിരൂര്‍ പോയി എനിക്ക് എടുത്തു തന്ന ലെതര്‍ പേഴ്‌സാണ്. 8 കൊല്ലമായി വിണ്ടു കീറിട്ടും, മഴയേറ്റും പോക്കെറ്റില്‍ കിടന്ന ആ ലെതര്‍ പേഴ്‌സ് മാറ്റിയത് ജമിയായില്‍ വന്ന ഈ കൊല്ലമാണ്. പിന്നെയുള്ളത് വിനുവേട്ടന്‍ തലയില്‍ കെട്ടാറുണ്ടായിരുന്ന ചെ ഗുവേരയുടെ ചിത്രമുള്ള മഞ്ഞ തൂവാലയാണ്.

പൂക്കോട്ടുകാവില്‍ വിനുവേട്ടന്റെ രക്തസാക്ഷി ദിനം ഞങ്ങള്‍ക്ക് RSS നു എതിരെയുള്ള ഓര്‍മകുറിപ്പാണ്. Lockdown ആയാലും അതു അങ്ങനെ തന്നെ തുടരും.

ഉയിര്‍ കൊണ്ടു ഉടലില്‍ വരച്ചൊരു രക്തമണ്ണമുള്ളൊരു ഗ്രാഫിറ്റിയാണ് വിനുവേട്ടന്‍. കാലാന്തരത്തില്‍ ഞങ്ങള്‍ വീണ ചാലുകള്‍ മണ്ണ് വീണു മൂടും, ഇറ്റിയ ചോര തുള്ളികള്‍ കഴിഞ്ഞ പ്രളയത്തില്‍ നീരായിട്ടുണ്ടാവും. അപ്പോഴും ഞങ്ങള്‍ അന്ന് എടുത്തൊരു തീര്‍ച്ചയുണ്ട്. പൂക്കോട്ടുകാവില്‍ ഒരു RSS കൊടി പാറിലെന്നു. പൂക്കോട്ടുകാവ് അങ്ങനെയായി തീരുന്നത് അങ്ങനെ കുറച്ചു തീര്‍ച്ചകള്‍ കൊണ്ടു കൂടിയാണ്.

ശ്രീകാന്ത് ശിവദാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News