കൊറോണ സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം; കാസര്‍ഗോഡ് സമൂഹ വ്യാപന ഭീഷണി ഒഴിവായി; പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക മന്ത്രിസഭായോഗം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമാകും സംസ്ഥാനത്ത് നിയന്ത്രണത്തില്‍ ഇളവു വരുത്തുക. കേരളത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഈ മാസം14നാണ് അവസാനിക്കുക. കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തും ലോക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുക. ഈ മാസം 13ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സമൂഹ വ്യാപന ഭീഷണി ഒഴിവായി. എങ്കിലും പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. നിയന്ത്രണങ്ങളും കരുതല്‍ നടപടികളും ശക്തമായി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതിര്‍ത്തികളിലൂടെയല്ലാതെ കാട്ടുപാതകളിലൂടേയും മറ്റും തമിഴ്‌നാട് ഉള്‍പ്പെടെയഉള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നുണ്ട്. ഇതുതടയാന്‍ ഇത്തരം പാതകളിലും കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി.

പച്ചക്കറി സംഭരണം വ്യാപകമാക്കും. പഞ്ചായത്തുകളിലെ ചന്തകളിലൂടെ ഹോര്‍ട്ടി കോര്‍പ്പും കൃഷി വകുപ്പും പച്ചക്കറി സംഭരിക്കും. ജലസേചന വകുപ്പിനെ അവശ്യ സര്‍വീസാക്കി ഉത്തരവിറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വര്‍ക്ക് ഷോപുകളും സ്‌പെയര്‍ പാര്‍ടസ്സ് കടകളും ഞായര്‍,വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കും. പരമാവധി എട്ടു ജീവനക്കാരെയേ അനുവദിക്കൂ. അപ് ഹോള്‍സറി, പെയിന്റിംഗ്, കാര്‍ വാഷ് എന്നിവയ്ക്ക് അനുവാദമില്ല. ടയര്‍ പഞ്ചര്‍ പോലുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

ഇന്‍ഷുറന്‍സ് ക്‌ളെയ്മിന്റെ കാര്യത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതിയ മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here