‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇതിനോടകം വിവാദമായിരിക്കുകയാണ്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് ഫണ്ട് മരവിപ്പിക്കുന്ന തീരുമാനം എന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍ ഇത്തരം പ്രശനങ്ങളെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ കൊണ്ട് മറയ്ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.

വിഷയത്തില്‍ സാമുവല്‍ ഫിലിപ്പ് മാത്യു എഴുതുന്നു:

കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരന്‍ ഇന്നലെ രാത്രി മനോരമ ചാനലില്‍ വന്നിരുന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ശുദ്ധ അസംബന്ധമാണ്.

1. എംപിലാഡ് ഫണ്ട് ഇല്ലാതാക്കിയതില്‍ രാഷ്ട്രീയമില്ല, അതിന്റെ ഭാഗമായ മുഴുവന്‍ ഫണ്ടും ആവശ്യമായ സ്ഥലങ്ങളില്‍ വിനിയോഗിക്കാന്‍ കഴിയും എന്നതാണ് അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവുന്ന തീരുമാനമാണത്. ആരാണ് ഇനിയത് വിനിയോഗിക്കുക എന്നദ്ദേഹം പറഞ്ഞില്ല, സ്വാഭവികമായും പറയില്ല. വേറെയാര്, കേന്ദ്രം തന്നെ! കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഈ തീരുമാനം മൂലമുണ്ടാകാന്‍ പോകുന്നത്. ഒട്ടുമിക്ക വികസന സൂചികകളുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുമ്പിലാണ്. ആ ഒറ്റ കാരണം ചൂണ്ടികാണിച്ചുകൊണ്ടുതന്നെ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കേരളത്തിന് ഫണ്ടനുവദിക്കാതിരിക്കാന്‍ ഇനിയങ്ങോട്ട് കേന്ദ്രത്തിനു കഴിയും. അതായത്, നാം കഷ്ടപ്പെട്ടു നേടിയെടുത്ത നേട്ടങ്ങള്‍ക്ക് നമ്മെത്തന്നെ ശിക്ഷിക്കുന്ന അവസ്ഥയാണുണ്ടാവാന്‍ പോവുന്നത്.

2. അതോടൊപ്പം അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു, ഇത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടാണെന്നും അത് ഇല്ലാതാക്കുന്നതില്‍ ഫെഡെറല്‍ തത്വങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്നും. സര്‍, അറിയില്ലെങ്കില്‍ അറിയില്ല എന്നു പറയണം, അല്ലാതെ ചുമ്മാ വന്നിരുന്ന് അറിവില്ലായ്മ വിളമ്പരുത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിരിച്ചു നല്‍കുന്ന നികുതിപ്പണമാണ് കേന്ദ്രത്തിന്റെ ഏറ്റവും വലിയ ധനശ്രോതസ്സ്. ആ നികുതിപ്പണമുപയോഗിച്ച് രാജ്യത്തിന്റെ ഏതു പ്രദേശം/മേഖല വികസിക്കണം ഏതു തരത്തില്‍ വികസിക്കണം എന്നൊക്കെ ഇനിയങ്ങോട്ട് കേന്ദ്രം തനിയെ തീരുമാനിച്ചുകൊള്ളും. സംസ്ഥാനങ്ങളൊക്കെ കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ മതി. ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ടത്, നീതി ആയോഗ് നേരിട്ട് ഗ്രാമസഭകള്‍ വിളിക്കാന്‍ ശ്രമിച്ചത്, ജിഎസ്ടി നടപ്പാക്കിയത്, തുടങ്ങിയ നടപടികളുടെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയിലുള്ള അടുത്ത ഘട്ട ഇടപെടലായി വേണം ഇപ്പോഴുള്ള നീക്കത്തെ കാണാന്‍. നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന ഓരോ രൂപയ്ക്കും അതിന്റെ പകുതി പോലും കേന്ദ്രത്തില്‍ നിന്ന് തിരിച്ച് കേരളത്തിനു കിട്ടുന്നില്ല എന്നോര്‍ക്കുന്നത് ഈയവസരത്തില്‍ നല്ലതാണ്.

3. എസ്ഡിആര്‍എഫിന് അനുവദിച്ച തുക മുഴുവന്‍ കൊറോണ പ്രതിരോധത്തിനുപയോഗിക്കാം, നിലവിലെ ചട്ടങ്ങള്‍ പ്രകാരം അതിനു കഴിയില്ല, അതനുവദിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ പുറകാലെ വരുമെന്നതാണ് കേന്ദ്ര മന്ത്രി പറഞ്ഞ മറ്റൊരു കാര്യം. അങ്ങനെ ചെയ്താല്‍ മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയാവുന്ന സാഹചര്യമാണുണ്ടാവുക. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ ഫലപ്രദമായി അതിജീവിക്കാനായി എസ്ഡിആര്‍എഫ് തുകയുള്‍പ്പെടെയുള്ള ധനശ്രോതസ്സുകളെയാണ് കേരളം ആശ്രയിക്കുന്നത്. ആ ഫണ്ടിലെ തുക മുഴുവന്‍ ഒറ്റയിനത്തില്‍ ചെലവഴിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണുണ്ടാക്കുക. എസ്ഡിആര്‍എഫ് കൊറോണ പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി മാര്‍ച്ച് മാസം 14 ആം തിയതി പ്രധാന മന്ത്രിക്കു കത്തയച്ചിരുന്നു എന്ന കാര്യം നാം ഈ ഘട്ടത്തിലോര്‍ക്കണം. മറുപടിയൊന്നും കിട്ടിയതായി അറിവില്ല.

4. ഈ ഘട്ടത്തില്‍ കേരളത്തിനു കൂടുതല്‍ തുക അനുവദിക്കാത്തത് പ്രളയ ദുരിതാശ്വാസത്തിനായി നല്‍കിയ തുക ബാക്കിയുള്ളതിനാലാണ് എന്നാണ് കേന്ദ്ര സഹമന്ത്രി പറയുന്നത്. അദ്ദേഹം അതും ഇതും തമ്മില്‍ കൂട്ടിക്കുഴക്കുന്നതെന്തിനാണ് സര്‍?! അത്തരത്തില്‍ ബാക്കി ഉണ്ടോ ഇല്ലയോ എന്നെനിക്ക് ആധികാരികമായറിയില്ല. ഉണ്ടെന്നാണ് സ്വാഭാവികമായും അനുമാനിക്കാവുന്നത്. കാരണം, അത് കേരള പുനര്‍നിര്‍മ്മാണത്തിനായി മാറ്റിവെച്ച തുകയാണ്, അതാകട്ടെ പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമാകുമ്പോഴല്ലാതെ ആ പണം ഉപയോഗിച്ചു തീരുമോ? ‘ഓഹോ, അപ്പൊ ഇത്രയും നാളായിട്ട് എന്താ അത് പൂര്‍ത്തിയാക്കാതിരുന്നത്’ എന്ന് ചോദിക്കുന്നവരോടാണ് ഇനി പറയുന്നത്. റോഡും വീടും പാലവുമൊക്കെ വലിയ കാലതാമസം കൂടാതെ പണിതുതീര്‍ക്കാം, അത് ചെയ്തിട്ടുമുണ്ട്. എന്നാലതു പോലല്ല നഷ്ടപ്പെട്ട കൃഷിയും ഉപജീവനമാര്‍ഗ്ഗങ്ങളും വീണ്ടെടുക്കുന്നത്, അതിന് നല്ല സമയം പിടിക്കും. അതൊക്കെയാകട്ടെ ദുരന്തങ്ങളെ അതിജീവിച്ചവരുടെ താല്‍പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് കേരളം നടപ്പാക്കുന്നത് എന്നും നാമോര്‍ക്കണം.

5. പ്രളയ സമയത്ത് ലഭിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ധാന്യങ്ങള്‍ക്കുമൊക്കയുള്ള ബില്ലിനെക്കുറിച്ചുള്ള ശ്രീ മുരളീധരന്റെ മറുപടി സാമാന്യ യുക്തിക്കു നിരക്കാത്തതാണ്, ആടിനെ പട്ടിയാക്കുന്നതാണ്. അദ്ദേഹം പറഞ്ഞത്, തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മസ്‌ക്റ്റ് ഹോട്ടലില്‍ താമസിച്ചാല്‍ അതിന്റെ ബില്ല് സ്വാഭാവികമായും കേന്ദ്ര അഡ്മിനിസ്ട്രേഷന്‍ വകുപ്പിനു നല്‍കുമെന്നും അവരതിന്റെ തുക അടച്ചുകൊള്ളുമെന്നുമാണ്. അതുകൊണ്ട് സ്വാഭാവികമായും ബില്ല് ഇഷ്യൂ ചെയ്യും, ചെലവായ തുകക്കു കണക്കു വേണ്ടേ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതുപോലാണോ സര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്ല് അയക്കുന്നത്?! ഇനി ബില്ല് അയക്കണമെന്നവര്‍ക്കിത്ര നിര്‍ബന്ധമാണെങ്കില്‍ അവര്‍ കേന്ദ്ര സര്‍ക്കാരിന് ബില്ലയക്കട്ടെ, അതല്ലേ ഹീറോയിസം.

6. ഇത്രയുമൊക്കെ പോരാഞ്ഞിട്ട് ഇതുകൂടി അദ്ദേഹം പറഞ്ഞു വെച്ചു, ബില്ലൊക്കെ തിരിച്ചു കേന്ദ്രത്തിനയച്ചാല്‍ മതിയല്ലോ, അവരത് അടച്ചുകൊള്ളുമല്ലോ എന്ന്. ഇത്തരം ബില്ലുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ധാന്യങ്ങളുടെയും രക്ഷാപ്രവര്‍ത്തങ്ങളുടെയും തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ഒന്നുരണ്ടു തവണ അപേക്ഷിച്ചതാണ്. പിന്നെയും ബില്ലൊക്കെ ഇവിടെ തന്നെ തിരിച്ചെത്തി. ഇതൊക്കെ മന്ത്രിക്കറിയാത്തതല്ല, ചുമ്മാ, വെറുതെ ഒരു രസം. ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍ എന്തെങ്കിലുമൊക്കെ ഒരു വിനോദം വേണ്ടെ എന്നദ്ദേഹം ചിന്തിക്കുന്നുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News