വനപാലികമാർ ഒരുമിച്ചു; ഊരുകളിൽ സാനിറ്ററി നാപ്കിനുകൾ എത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആദിവാസി സ്ത്രീകൾക്ക്
ആശ്വാസവുമായി ഒരു കൂട്ടം വനപാലികമാർ എത്തി.

തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ,പേപ്പാറ, റെയിഞ്ചുകളിലെ വനപാലികമാരുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലെ വനിതകൾക്ക് രണ്ട് ആർത്തവ കാലത്തേക്കുള്ളള നാപ്കിനുകൾ അടങ്ങുന്ന മെഡിക്കൽ കിറ്റ് വിതരണം ചെയ്ത് ശ്രദ്ധയാകർഷിച്ചിരി ക്കുകയാണ് വനം വകുപ്പ്.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി നിരീക്ഷണം നടത്തിയിരുന്ന അഗസ്ത്യാർകൂടം റേഞ്ചിലെ വനിതാ ജീവനക്കാരാണ് ഈ ആദിവാസി സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയത്.

ഇതിന് പരിഹാരമായി സാനിറ്ററി നാപ്കിൻ കിറ്റുകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദ്മ മഹന്തി നിർവഹിച്ചു.

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ കോട്ടൂർ സെക്ഷന് കീഴിലെ ചോനാമ്പാറ സെറ്റിൽമെന്റിൽ നടന്ന ചടങ്ങിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി പ്രതിനിധികൾക്ക് സാനിറ്ററി നാപ്കിൻ കിറ്റുകൾ കൈമാറി.

ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ തേജസ്സും സാമൂഹികപ്രവർത്തകയായ സുനിതയും ചേർന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനിയ്‌ക്ക് സംഭാവന നൽകിയ 625 പാക്കറ്റ് നാപ്കിനുകളാണ് വിതരണത്തിനൊരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ മുഴുവൻ സെറ്റിൽമെൻറ്കളിലും പരുത്തിപ്പള്ളി റേഞ്ചിന് കീഴിലെ മുഴുവൻ സെറ്റിൽമെൻറ്കളിലും ഇവ വിതരണം ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളിലെ കാർഷികവിളകൾക്ക് വിപണി ഒരുക്കുന്നതും കറിക്കൂട്ടുകളും മാസ്കളും നിർമിച്ചുനൽകുന്നതും അടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുവാൻ ഇതിനോടകം തിരുവനന്തപുരം വന്യജീവി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here