വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി; സ്മൃതി ഇറാനിയുടെ വാദം തെറ്റ്: മുഖ്യമന്ത്രി

മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അതേത്തുടര്‍ന്ന് അവിടെ അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്കര അഫ്‌സല്‍ എന്നയാളുടെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ക്വോര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ച് നല്‍കിയിരുന്നു.

കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചുവെങ്കിലും അവര്‍ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ക്ക് 25 കിറ്റുകള്‍ നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അവര്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത വ്യാജ പ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു.

പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കി, സ്മൃതി ഇറാനി വയനാട്ടില്‍ ഭക്ഷണം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നത് കണ്ടു.

സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News