കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്‌. നിലവില്‍ ആകെ മരണം 14000 കടന്നു

ഒരു രാജ്യത്ത്‌ ഒറ്റദിവസമുണ്ടായ ഏറ്റവുമധികം മരണമാണിത്‌. ലോക രാജ്യങ്ങളില്‍ ഉയര്‍ന്ന മരണ സംഖ്യയും അമേരിക്കയിലാണ്. ഫ്രാൻസിൽ ചൊവ്വാഴ്‌ച 1400ലധികം മരണം രേഖപ്പെടുത്തിയത്‌ യൂറോപ്പിലെ റെക്കോഡാണ്‌. ലോകത്താകെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു. മരണസംഖ്യ തൊണ്ണൂറായിരത്തിലേക്ക്‌.

രോഗം ബാധിച്ചതിൽ ഏഴരലക്ഷത്തിലധികവും ആകെ മരണത്തിൽ 60000ൽ അധികവും യൂറോപ്പിലാണ്‌. ബ്രിട്ടണിൽ ക‍ഴിഞ്ഞ ദിവസം 938 പേർകൂടി മരിച്ച്‌ ആകെ മരണസംഖ്യ 7097 ആയി.

ബ്രിട്ടനിലെ റെക്കോഡാണ്‌ ബുധനാഴ്‌ചത്തെ മരണസംഖ്യ. പ്രധാനമന്ത്രിയടക്കം 60733 പേർക്ക്‌ രോഗം സ്ഥിരീകരിച്ച ഇവിടെ മരണനിരക്ക്‌ 12 ശതമാനത്തോളമാണ്‌. 135 പേർ മാത്രമാണ്‌ ഇതുവരെ രോഗമുക്തരായിട്ടുള്ളത്‌.

സ്‌പെയിനിൽ ബുധനാഴ്‌ചയും മരണസംഖ്യ വർധിച്ചു. 757പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14792 ആയി. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ മരണസംഖ്യ കുറയുന്ന പ്രവണത ബുധനാഴ്‌ചയും തുടർന്നു.

542 പേർകൂടി മരിച്ചതോടെ മരണസംഖ്യ 17669 ആയി. മരണസംഖ്യ 10000 കടന്ന ഫ്രാൻസിൽ ബുധനാഴ്‌ചത്തെ വിവരം ലഭ്യമായിട്ടില്ല. ജർമനി(2349), നെതർലൻഡ്‌സ്‌(2248), ബെൽജിയം(2240) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്‌.

ചൈനയിൽ മരണമില്ലാതെ കടന്ന ഒരു ദിനത്തിന്‌ ശേഷം ബുധനാഴ്‌ച ഒരു മരണം റിപ്പോർട്ട്‌ ചെയ്‌തു. അവിടെ ആകെ മരണസംഖ്യ 3335.

രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാൻ 73 ദിവസത്തെ അടച്ചുപൂട്ടലിന്‌ ശേഷം തുറന്നു. ഇറാനിൽ മരണസംഖ്യ നാലായിരത്തോട്‌ അടുക്കുന്നു. 121 പേർകൂടി മരിച്ചപ്പോൾ ആകെ 3993 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News