കൊറോണ പ്രതിരോധത്തിലും മാതൃകയാവുന്ന കേരളം; അതിജീവന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതല്‍

കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമത്. ആദ്യ സ്ഥാനത്തുണ്ടായിരുന്ന ഹരിയാനയെ കേരളം മറികടന്നു.

കേരളത്തിൽ ആകെ രോഗികളിൽ 24 ശതമാനം പേർക്ക് രോഗം ഭേദമാകുന്നു.രണ്ടാമതുള്ള ഹരിയാനയുടേത് 19 ശതമാനമാണ്.

ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ അതിജീവന നിരക്ക് മൂന്നിരട്ടിയാണ്. ഇരുനൂറ്റി മുപ്പതിലേറെ രോഗികളുള്ള മധ്യപ്രദേശിൽ അതിജീവന നിരക്ക് പൂജ്യമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണ് കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമതെത്തിയത്.

തൊട്ടടുത്തുണ്ടായിരുന്ന ഹരിയാനയെ മറികടന്നാണ് അതിജീവന നിരക്കിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനം നേടിയത്. കേരളത്തിലെ ആകെ രോഗികളിൽ 24 % ശതമാനം പേർ എന്ന തോതിൽ രോഗ വിമുക്തി നേടുന്നുവെന്നാണ് ഒടുവിലെ കണക്ക്.

അതേസമയം ഹരിയാനയിൽ ആകെ രോഗികളിൽ 19 ശതമാനം പേർക്ക് രോഗം ഭേദമാകുന്നതായും സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.

ഹരിയാനയിൽ 147 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 28 പേർ രോഗമുക്തരായി. കേരളത്തിൽ 345 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇതിൽ 83 പേർ രോഗമുക്തരായി. ഇരു സംസ്ഥാനങ്ങളിലെയും പോസിറ്റീവ് കേസുകളിലെ ഈ അന്തരവും കേരളത്തിന്റെ നേട്ടത്തിന് കൂടുതൽ മികവ് നൽകുന്നു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറെ മുൻപന്തിയിലാണ്. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ആകെയുള്ള 5734 രോഗികളിൽ 473 പേർക്കാണ് കോവിഡ് രോഗം ഭേദമായത്.

അതായത് ആകെ രോഗികളിൽ 8.2 പേർക്ക് രോഗം ഭേദമായി. കേരളത്തിലെ കണക്കിനോട് ചേർത്ത് വായിക്കുമ്പോൾ ഇത് മൂന്നിരട്ടിയിയോളം. ഛത്തീസ്ഗഡിൽ അതിജീവന നിരക്ക് 90 ശതമാനമുണ്ടെങ്കിലും 10 രോഗികൾ മാത്രമാണ് ഇവിടെയുള്ളത്.

ഈ പട്ടികയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനം മധ്യപ്രദേശാണ്. ഇരുനൂറ്റി മുപ്പത്തോളം രോഗികളുള്ള മധ്യപ്രദേശിൽ അതിജീവന നിരക്ക് വെറും പൂജ്യമാണ്.

കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും അതിജീവന നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. ഇതും കേരളത്തിന്റെ നേട്ടത്തെ വേറിട്ട് നിർത്തുന്നു.

രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അതിജീവന നിരക്ക് 10 ശതമാനത്തിൽ താഴെയാണ്.
യഥാക്രമം 5.5, 8.1, 7.1 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിൽ രോഗമുക്തരാകുന്നവരുടെ നിരക്ക്.

അതേസമയം രാജസ്ഥാൻ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ ഇത് അഞ്ച് ശതമാനത്തിലും കുറവാണ്. ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 10.3ആണ് ഇപ്പോഴത്തെ അതിജീവന നിരക്ക്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here