
കോവിഡ് ബാധിതനായ മകന്‍ രോഗമുക്തി നേടിയതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എം പദ്മകുമാര്‍.
പാരീസില്‍ നിന്നെത്തിയ പദ്മകുമാറിന്റെ മകന്‍ ആകാശും സുഹൃത്തും കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയാണ് സുഖപ്പെട്ടത്. സ്വന്തം ജനങ്ങളെ ആത്മാര്‍ത്ഥമായി പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊളളുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാരീസില്‍ വിദ്യാര്‍ത്ഥികളായിരുന്ന സംവിധായകന്‍ എം പദ്മകുമാറിന്റെ മകന്‍ ആകാശും സുഹൃത്ത് എല്‍ദോയും മാര്‍ച്ച് 17നാണ് നാട്ടിലെത്തിയത്. കോവിഡ് സംശയത്തെ തുടര്‍ന്ന് ഇരുവരും സ്വയം ഹോം ക്വാറന്റൈനില്‍ പോകുകയും പിന്നീട് രോഗം സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കോവിഡിനെതിരെ നടത്തുന്ന പോരാട്ടം അഭിമാനകരമാണെന്ന് അനുഭവസ്ഥരായ ഈ വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു.
മകന്‍ സുഖം പ്രാപിച്ചതിന് പിന്നാലെ സംവിധായകന്‍ എം പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഇത് കേവലം ഒരു നന്ദിയുടെ പ്രകടനമല്ല, സ്വന്തം ജനങ്ങളെ ആത്മാര്‍ത്ഥമായി പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്ന എന്റെ സര്‍ക്കാരിനെക്കുറിച്ചുളള എന്റെ അഭിമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ നന്ദിയറിയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here