ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി; പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ ബാധ സ്ഥിരീകരിച്ച് 100 ദിവസം

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടെന്നും രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റലിയിലെ ഒബോട്ടോ ടൊണോസോ, യുകെയില്‍ നിന്ന് ലാന്‍സ്, എലിസബത്ത്, ബ്രയാന്‍, ആനി വില്‍സണ്‍, ജാന്‍ ജാക്‌സണ്‍ തുടങ്ങിയവരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം, എറണാകുളം മെഡിക്കല്‍ കോളേജുകളിലായാണ് ഇവര്‍ക്ക് ചികിത്സ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 69 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനവും 20ന് താഴെയുള്ളവര്‍ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്നും ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍ ഇടയാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് ഈസ്റ്ററും വിഷുവും വരുന്നു. അതിന്റെ ഭാഗമായി വ്യാപാര സ്ഥാപനത്തില്‍ എത്തുന്നവര്‍ക്ക് ശാരീരിക അകലം കര്‍ശനമായി പാലിക്കണം. വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകരും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചില ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജപ്തിയും ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും ആരെങ്കിലും മരിച്ചാല്‍ മൃതദേഹം അതിര്‍ത്തി കടത്തേണ്ടി വരുന്നുണ്ട്. അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറുന്നുണ്ട്. ഇത് ചെക്‌പോസ്റ്റില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,.

തിരുവനന്തപുരത്തേക്ക് തമിഴ്‌നാട്ടിലേക്ക് രോഗികളെത്തുന്നുണ്ട്. ആര്‍ക്കും ചികിത്സ നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News