‘മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്’

മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്.

14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്നിറങ്ങിയെങ്കിലും ഇനിയും രണ്ടാഴ്ച മകനെ പിരിഞ്ഞിരിക്കണമല്ലോ എന്ന സങ്കടത്തിലാണ്. 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ്.

എന്നും വിളിക്കുമ്പോള്‍ അവന്‍ ചോദിക്കും, അമ്മച്ചിയെന്താ എന്നോടൊപ്പം കിടക്കാന്‍ വരാത്തതെന്ന്. അത് കേള്‍ക്കുമ്പോള്‍ സങ്കടം വരും. കണ്ണു നിറയും. ഞാനിവിടെ വന്നതിനു ശേഷം രാത്രി അവന്‍ ഉറങ്ങിയിട്ടില്ലെന്ന് സങ്കടമൊളിപ്പിച്ച കണ്ണുകളോടെ ജീന്‍ മേരി പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും ജീന്‍ മേരി മറച്ചുവെക്കുന്നില്ല. രണ്ടും മൂന്നും വയസ്സുള്ള മക്കളും പ്രായമായ മാതാപിതാക്കളും വീടുകളില്‍ കാത്തിരിക്കുന്നവര്‍ ഒട്ടേറെ പേര്‍ വേറെയുമുണ്ട് മെഡിക്കല്‍ സംഘത്തില്‍.

എന്നാല്‍ ആ പ്രയാസങ്ങളൊക്കെ അതിജീവിക്കാന്‍ ഈ കൊറോണ കാലം തങ്ങളെ പ്രാപ്തരാക്കിയതായും ജീന്‍ മേരി പറഞ്ഞു. അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേരില്‍ ഒരാളാണ് ജീന്‍ മേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News