
മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലാണ് മലയാളിയായ ശ്യാമപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 56 വയസ്സാണ് പ്രായം. ഇയാളുടെ കുടുംബം ഉത്തര്‍ പ്രാദേശിലാണ് . കുറെ നാളുകളായി ഇയാള്‍ ഒറ്റക്കാണ് ഇവിടെ താമസം.
ഫോണ്‍ ചെയ്തിട്ട് മറുപടി കാണാത്തതിനെ തുടര്‍ന്നാണ് മുംബൈയിലെ സുഹൃത്തുക്കള്‍ വഴി പോലീസിന്റെ സഹായം തേടിയത്. പോലീസെത്തി വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് മരണ വിവരം അറിയുന്നത്.
ശ്യാമപ്രസാദ് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ലോക്ക് ഡൌണ്‍ തുടങ്ങിയതോടെ ചികിത്സ പോലും തേടാനാകാതെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ബന്ധുക്കള്‍ക്കും വിവരങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കാനോ പരിചരിക്കാനോ കഴിയാത്ത സാഹചര്യം കൂടി വന്നതും വിനയാകുകയായിരുന്നു.
മരണ കാരണം കോവിഡ് 19 ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് വിഷ്ണു നഗര്‍ പോലീസ് അറിയിച്ചു. . നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുന്‌സിപ്പാലിറ്റിക്കാര്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
കൊറോണക്കാലത്തെ മറ്റൊരു ദുരന്ത ചിത്രമായി മാറിയിരിക്കയാണ് ഈ മലയാളിയുടെ മരണം. എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ പോലും ചികിത്സ തേടി ആശുപത്രിയില്‍ പോകുവാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് നിലവില്‍ വന്നിരിക്കുന്നത്.
പരിശോധനക്ക് ചെല്ലുന്നവരോടുള്ള ആശുപത്രി ജീവനക്കാരുടെ സമീപനവും അസുഖമാണെന്ന് കേട്ടാലുള്ള സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും വലിയൊരു സാമൂഹിക പ്രത്യാഘാതത്തിനാണ് വഴിമരുന്നിടുന്നത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വ്യാപനം പ്രകടമായ പ്രദേശങ്ങളില്‍ ഡോംബിവ്ലി കല്യാണ്‍ മേഖലയും സ്ഥാനം പിടിക്കുന്നുണ്ട്.
പോയ വര്‍ഷത്തെ ജനസംഖ്യാ കണക്കനുസരിച്ചു 18 ലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ ഏകദേശം 5 ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്നുണ്ടെന്നാണ് അനൗദ്യോദിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന മുംബൈ ഉപനഗരം കൂടിയാണ് കല്യാണ്‍ ഡോംബിവ്ലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here