രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത സൂചിപ്പിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റാന്റം സാംപ്ലിങ് വഴി രോഗികളെ തെരഞ്ഞെടുത്താണ് ഐസിഎംആര്‍ പഠനം നടത്തിയത്.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയുള്ള അഞ്ചാഴ്ചയ്ക്കിടയില്‍ ശ്വാസകോശത്തില്‍ ശക്തമായ അണുബാധ (സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രം) ഉള്ള 5911 രോഗികളെയാണ് ഐസിഎംആര്‍ പഠനത്തിന് വിധേയമാക്കിയത്.

രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ നിന്നുള്ള 104 പേര്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തി ആകെ സാമ്പിളുകളുടെ 1.8 ശതമാനം വരുമിത്.

ഇതില്‍ തന്നെ നാല്‍പ്പതുപേര്‍ (39.2%) വിദേശ യാത്ര നടത്തുകയോ വിദേശികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടോ ഇല്ലാത്തവരാണെന്നും ഐസിഎംആര്‍ കണ്ടെത്തി. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളാണ് ഇവ.

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 35 ജില്ലകളില്‍ ഐസിഎംആര്‍ സമൂഹ വ്യാപന സാധ്യത സൂചിപ്പിച്ചു.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു ശതമാനത്തിലധികം കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പഠനം കണ്ടെത്തി.

സമൂഹ വ്യാപന സാധ്യത കണ്ടെത്തിയ 35 ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ആവശ്യമാണെന്നും ഐസിഎംആര്‍ പറഞ്ഞു.

ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കൊറോണ പോസിറ്റീവായവരില്‍ രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണ് രോഗ ബാധയുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം കണ്ടെത്താന്‍ കഴിഞ്ഞത്.

ഒരു ശതമാനം കേസുകള്‍ മാത്രമാണ് വിദേശ യാത്ര നടത്തിയതായി കണ്ടെത്തിയത്. 57.8 ശതമാനം പേരുടെ വിവരങ്ങല്‍ ലഭ്യമല്ല.

മാര്‍ച്ച് 14 ഐസിഎംആര്‍ നടത്തിയ ആദ്യ പഠനത്തില്‍ ശ്വാസകോശത്തില്‍ അണുബാധയുമായി ചികിത്സയ്‌ക്കെത്തിവരില്‍ ഒരാള്‍ക്ക് പോലും കൊറോണ പോസിറ്റീവ് കണ്ടെത്തിയിരുന്നില്ല.

കൂടുതല്‍ പേര്‍ക്കും രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ഐസിഎംആര്‍ സൂചിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News