കൊറോണ ബാധിതരില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ സംസ്‌കരിക്കുന്നതിന് നൂതന സംവിധാനവുമായി ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കൊറോണ ബാധിതരില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനവുമായി തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്. സൂപ്പര്‍ അബ്‌സോര്‍ബര്‍ ജെല്ലിലൂടെ ശരീരസ്രവങ്ങള്‍ ശേഖരിക്കുന്നതിനും ഘനീഭവപ്പിക്കുന്നതിനും അണുബാധ തടയാനും സഹായകമാകും.

രോഗികളില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ സംസ്‌കരിക്കുന്നത് ഉള്‍പ്പെടെ ആശുപത്രികള്‍ക്ക് വെല്ലുവിളിയായ ഘട്ടത്തില്‍ കൂടിയാണ് പുതിയ സംവിധാനം തയ്യാറായത്.

അണുബാധയുള്ളവരുടെ സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് എന്നും ആശുപത്രികള്‍ക്ക് വെല്ലുവിലിയാണ്. രോഗികളില്‍ നിന്നുള്ള ഇത്തരം സ്രവങ്ങളുടെ ശേഖരണവും നശീകരണവും നഴ്സുമാരിലും ശുചീകരണ ജീവനക്കാരിലും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കോവിഡ് പോലെയുള്ള മഹാമാരി ബാധിച്ചവരില്‍ നിന്നുള്ളത് ആകുമ്പോള്‍ ഇതു കൂടുതല്‍ സങ്കീര്‍ണവുമാകും. ഈ ഘട്ടത്തിലാണ് തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ സംവിധാനം തയ്യാറാക്കിയത്.

അക്രിലോസോര്‍ബ് ജെല്ലുകള്‍ക്ക് സ്രവങ്ങളെ 20 മടങ്ങ് അധികമായി വലിച്ചെടുക്കാനും അണുവിമുക്തമാക്കാനും സാധിക്കും. അക്രിലോസോര്‍ബ് നിറച്ച സംഭരണികള്‍ സ്രവങ്ങളെ ജെല്‍ രൂപത്തിലാക്കി അണുക്കളെ നശിപ്പിക്കും.

ജെല്‍ രൂപത്തിലാക്കുന്നതിനാല്‍ സ്രവങ്ങള്‍ സംഭരണിയില്‍ നിന്ന് പുറത്തുപോകുമെന്ന ആശങ്കയും വേണ്ട. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് പോലെ ഇന്‍സിനറേറ്ററിന്റെ സഹായത്തോടെ സംഭരണി പിന്നീട് നശിപ്പിക്കുന്നു.

ഇതിലൂടെ ആശുപത്രി ജീവനക്കാര്‍, അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സ്രവങ്ങള്‍ ശേഖരിക്കുന്ന സംഭരണികള്‍ വൃത്തിയാക്കുന്നവര്‍ എന്നിവര്‍ക്ക് അണുബാധയുണ്ടാകുന്നത് കുറയ്ക്കാന്‍ സാധിക്കും.

മാത്രമല്ല രോഗികളില്‍ നിന്നുള്ള സ്രവങ്ങള്‍ സുരക്ഷിതമായി അനായാസം നശിപ്പിക്കാനും സാധിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ ബയോ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ.എസ്.മഞ്ജു, ഡോ.മനോജ് കോമത്ത് എന്നിവര്‍ ചേര്‍ന്നാണ് ‘സൂപ്പര്‍ അബ്‌സോര്‍ബര്‍’ വികസിപ്പിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News