ആകാശത്തിനും സ്‌നേഹത്തിനും അതിരുകളില്ലെന്ന് തെളിയിച്ച് കേരളാ പൊലീസ്

നമ്മുടെ നാട്ടിലെ രോഗികളെ ഈ കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടയുമ്പോഴാണ് ഈ കാഴ്ച, അതിന് പകരമാകുന്നത്. നമ്മുടെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ പഴവും വെള്ളവും എത്തിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ ഇത് അതല്ല, അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു അതിന്റെ പങ്ക് പകുത്തു നല്‍കുകയാണ് കേരളാ പൊലീസ്.

ഈ ചിത്രങ്ങളും വിവരങ്ങളും പൊലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷ് ആര്‍.കെ ആണ് എഫ്.ബിയില്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റ് കാണാം.

അതിര്‍ത്തികള്‍ ഇല്ലാതാകുന്ന നിമിഷം …..

ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം തിരു ; റൂറലിലെ പോലീസ് സംഘടനകള്‍ നിത്യേനെ കുടിവെള്ളവും . ഫലവര്‍ഗ്ഗങ്ങളോ.സംഭാരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ,അതിനോടൊപ്പം ലഭ്യമാകുന്ന മാസ്‌കും ,സാനിട്ടയ്സറുമെല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും ,പിക്കറ്റ് പോസ്റ്റുകളിലേക്കും എത്തിക്കാറുണ്ട് .

തിരു:റൂറല്‍ പോലീസ് ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നവയാണ് എന്ന് പറയേണ്ടതില്ലലോ .ഒരതിര്‍ത്തിയില്‍ നില്‍ക്കുന്ന കാക്കിയിട്ടവരില്‍ ഞങ്ങള്‍ സ്ഥിരമായി സാധനങ്ങള്‍ നല്‍കിയിരുന്നത് കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് മാത്രമാണ് .
എന്നാല്‍ ദിനംപ്രതി ഈ മഹാവ്യാധി നമ്മെയെല്ലാവരെയും പലതും പഠിപ്പിക്കുന്നുണ്ട് ,ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട് .ആ ചിന്തയും ,പഠനവും കാരണം ഞങ്ങളുടെ മനസിലെവിടയോ ശേഷിച്ചിരുന്ന അതിര്‍ത്തികളും അലിഞ്ഞലിഞ്ഞു ഇല്ലാതാവുകയാണ് .

അതിന്റെ ഭാഗമായി ഇന്ന് മുതല്‍ അതിര്‍ത്തികള്‍ക്കപ്പുറം നില്‍ക്കുന്ന പിക്കറ്റ് പോസ്റ്റിലെ തമിഴ്‌നാട് പോലീസിന് കൂടി ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഒരു പങ്ക് നല്‍കുകയാണ് .അതിന്റെ ആദ്യവിതരണം കളിയിക്കാവിള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കികൊണ്ട് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രീ: ക്രിസ്റ്റിരാജ് നിര്‍വഹിച്ചു . ഒരു തരത്തില്‍ ഇത് സംഘടനപരമായ ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ് ,ഇന്ത്യയില്‍ ജനാധിത്യപരമായി അവശേഷിക്കുന്ന ഏക പോലീസ് സംഘടന എന്ന നിലയില്‍ .

അടയ്ക്കപ്പെട്ട അതിര്‍ത്തികളില്‍ പൊലിയുന്ന ജീവനുകള്‍ നമ്മെ സങ്കടപ്പെടുത്തുന്ന സമയത്ത് മാനവികതയ്ക്ക് അതിര്‍ത്തികളില്ല എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ .തിളച്ചു പൊള്ളുന്ന സൂര്യന് താഴെ ആളിക്കത്തുന്ന കാക്കിയില്‍ നിന്നാവട്ടെ അതിര്‍ത്തികള്‍ ഭേദിക്കുന്ന മാനവികതയുടെ തുടക്കം .

നന്മ നിറഞ്ഞ
പ്രവര്‍ത്തനങ്ങള്‍
പ്രകാശിതമായി
ഇരുളടഞ്ഞ മുറികളിലെ
വെള്ളിവെളിച്ചമാകട്ടെ …….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News