ആരോഗ്യ കേരളത്തിന് വീണ്ടും മാതൃകയായി കരുണ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

പത്തനംതിട്ട: പ്രളയ കാലത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാന ശ്രദ്ധ നേടിയ ചെങ്ങന്നൂരിലെ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വീണ്ടും ആരോഗ്യ കേരളത്തിന് മാതൃകയാകുന്നു.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലെ സമൂഹ അടുക്കളയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നേരിട്ടെത്തിച്ചാണ് കൈത്താങ്ങായി മാറുന്നത്.

പ്രളയാനന്തരം കരകയറുന്ന ചെങ്ങന്നൂരിന് ഇതുമൊരു നിയോഗമാണ്. ലോക് ഡൗണ്‍ കാലത്ത് സന്നദ്ധ സംഘടനകള്‍ സമൂഹ അടുക്കള പ്രവര്‍ത്തിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ചെങ്ങന്നൂര്‍ ഏറ്റെടുത്തു. എന്നാലും ആളുകള്‍ വെറുതെയിരുന്നില്ല.

ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എംഎല്‍എ സജി ചെറിയാന്റെ ഓഫീസിലെത്തിച്ച് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന്, സമൂഹ അടുക്കളകള്‍ നടത്തുന്ന 10 പഞ്ചായത്തുകളെയും ഒരു നഗരസഭയെയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി എംഎല്‍എയുടെ നേതൃത്വത്തില്‍ ഭക്ഷ്യ ഉള്‍പ്പന്നങ്ങള്‍ നേരിട്ടെത്തിച്ചു നല്‍കി.

ഇതിനു പുറമേ ലോക്ഡൗണിനെ തുടര്‍ന്ന് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത രോഗികളുടെ അടുക്കല്‍ നേരിട്ടെത്തി രക്ത പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നല്‍കി വരുന്നു.

ഇതിനായി പ്രത്യേക മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ അടിയന്തര സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യവും സെന്ററിന്റെ കീഴില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News