വിദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പോലും മാര്‍ഗനിര്‍ദേശം നല്‍കി ദിശ

വിദേശത്ത് ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍ക്ക് പോലും മാര്‍ഗനിര്‍ദേശം നല്‍കി ദിശ ഹെല്‍പ് ലൈന്‍. കോവിഡ് കാലത്ത് ദിശ കോള്‍ സെന്ററിലേക്ക് ഇതുവരെ എത്തിയത് 70,000 ഫോണ്‍ കാളുകള്‍.

ഭക്ഷണവും, താമസ സൗകര്യവും തേടി അതിഥി തൊഴിലാളികളുടെ ഫോണ്‍ കാളുകളും ദിശയിലേക്ക് എത്തുന്നുണ്ട്. ഇതിനായി അന്യഭാഷാ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ജീവനക്കാരുടെ സേവനം ദിശയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം കാളുകള്‍ ദിശയില്‍ നിന്ന് അനുബന്ധ ഡിപാര്‍ട്‌മെന്റുകളിലേക്ക് കൈമാറും. ഒരു ഫ്‌ലോര്‍ മാനേജരുടെ നേതൃത്വത്തില്‍ 15 ദിശ കൗണ്‍സിലര്‍മാരും 55 വോളന്റിയര്‍മാരും 12 ആരോഗ്യകേരളം ജീവനക്കാരുമാണ് ദിശയുടെ കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്.

എം.എസ്.ഡബ്യു, എം.എ സോഷിയോളജി വിദ്യാര്‍ഥികളായ വോളന്റിയര്‍മാരെയാണ് ഇതിനായി ദിശയില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓരോ ഷിഫ്റ്റിലും 2 ഡോക്ടര്‍മാരുടെ സേവനവും ദിശയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോടകം കോവിഡ് 19മായി ബന്ധപ്പെട്ട് 70,000 കോളുകളാണ് ദിശയിലേക്ക് എത്തിയിരിക്കുന്നത്. ഇതില്‍ യൂ.കെ, ഖത്തര്‍ എന്നിവിടങ്ങളില്‍ കോവിഡ് 19 പോസിറ്റീവ് അയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളുടെ ആശങ്കയോടെയുള്ള കാളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ ആശങ്കകള്‍ക്ക് ദിശയിലെ ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നുണ്ട്.

വിദേശത്തു നിന്ന് പ്രതിദിനം നൂറോളം കാളുകളാണ് ദിശയിലേക്ക് എത്തുന്നത്. കൂടുതല്‍ മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്നതിന് വേണ്ടി മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ കോളുകളും ദിശയിലേക്ക് എത്തുന്നുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ തിരികെ നാട്ടില്‍ എത്താന്‍ പറ്റുമോ എന്നുള്ള ചോദ്യമാണ് ഇവരില്‍ പലര്‍ക്കും അറിയാനുള്ളത്. ഇത്തരം കാളുകള്‍ അതാത് ജില്ലാ കണ്ട്രോള്‍ റൂമുകളിലേക്ക് കൈമാറാന്‍ വേണ്ട സംവിധാനങ്ങള്‍ ദിശയില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel