കൊറോണ: ചികിത്സയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കണ്ണൂര്‍; രോഗമുക്തി നേടിയത് 45 പേര്‍; നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു

കൊവിഡ് ചികിത്സയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കണ്ണൂര്‍ ജില്ല. ജില്ലയില്‍ നിന്നും 45 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്. കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞതും ജില്ലയ്ക്ക് ആശ്വാസമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസറഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഉള്ളവരാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ കേരളത്തിന് അഭിമാനമായി മാറുകയാണ് കണ്ണൂര്‍ ജില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബേധമായി ആശുപത്രി വിട്ട ജില്ലയായി മാറി കണ്ണൂര്‍.

ഇതുവരെ 45 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് രോഗമുക്തി നേടി. ഇതില്‍ 10 പേര്‍ കാസറഗോഡ് ജില്ലക്കാരാണ്. കണ്ണൂര്‍ പരിയാരം ഗവര്‍ന്മെന്റ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് സെന്റര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ കോവിഡ് ചികിത്സ.

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച വര്‍ഡിലാണ് ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ. കണ്ണൂരില്‍ ഇതുവരെ 64 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയില്‍ ആയിരുന്ന കണ്ണൂര്‍ ജില്ലക്കാരായ രണ്ട് പേരും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8182 ആയി കുറഞ്ഞതും ജില്ലയ്ക്ക് ആശ്വാസം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News