സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍; ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

ദില്ലി: സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അബാസിഡര്‍.സ്വന്തം നിലയ്ക്ക് പ്രവാസികളെ എത്തിക്കാമെന്നും ഇന്ത്യയിലെ യുഎഇ അബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. അതേ സമയം അബാസിഡറുടെ പ്രസ്ഥാവനയോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. നിലവിലെ സാഹര്യത്തില്‍ വിദേശത്തുള്ളവരെ മടക്കി കൊണ്ട് വരേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ നിലപാട്.

കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഒറ്റപ്പെട്ട് പോയ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് യുഎഇ യുടെ പ്രസ്ഥാവന. സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ കോറോണ വൈറസ് ബാധയില്ലാത്ത എല്ലാവരേയും നാട്ടിലെത്തിക്കാം. രോഗ ബാധിതരെ യുഎഇ രാജ്യങ്ങളില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അബാസിഡര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

സ്വന്തം ചിലവിലായിരിക്കും പ്രവാസികളെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുക. എല്ലാ രാജ്യങ്ങള്‍ക്കും യുഎഇ ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു.ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാബുകളില്‍ രോഗം പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോറോണ വൈറസ് ബാധിതരായവര്‍ക്ക് പോലും മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതി പ്രവാസികള്‍ ഉന്നയിക്കുന്നു.

ക്വാറന്റയിന്‍ പോലും ചെയ്യുന്നില്ല. ഒറ്റപ്പെട്ട് പോയവരും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരെ എത്രയും വേഗം മടക്കി കൊണ്ട് വരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ വിദേശത്തുള്ളവരെ മടക്കി കൊണ്ട് വരുന്നതിനോട് അനുകൂല നിലപാട് അല്ല കേന്ദ്ര സര്‍ക്കാരിനുള്ളത്.

അതാത് രാജ്യങ്ങളില്‍ തന്നെ പ്രവാസികള്‍ തുടരുക. ആവിശ്യമെങ്കില്‍ അവിടെ തന്നെ ചികിത്സ സൗകര്യമൊരുക്കാം എന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. പ്രവാസികള്‍ കൂട്ടമായി എത്തിക്കാന്‍ ചികിത്സ നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.

ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ യുഎഇയുമായി സംസാരിച്ചിരുന്നു.എന്നാല്‍ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here