ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ സിഎസ്ആര്‍ ഫണ്ടായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്.
കോര്‍പ്പറേറ്റുകള്‍ അവരുടെ വാര്‍ഷിക ലാഭത്തിന്റെ 2 ശതമാനം സാമൂഹ്യ പ്രതിബദ്ധത ഫണ്ട് അഥവാ സിഎസ്ആര്‍ ഫണ്ടായി ചെലവാക്കണമെന്നാണ് 2013ലെ കമ്പനി നിയമം. കോവിഡ് പശ്ചാത്തലത്തില്‍ ഈ സിഎസ്ആര്‍ ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിശദീകരണമാണ് വിമര്‍ശനത്തിന് വഴി തുറന്നത്. കഴിഞ്ഞ മാസം മാത്രം ആരംഭിച്ച പിഎം കെയേഴ്സ് പദ്ധതിയിലേക്ക് കമ്പനികള്‍ സംഭാവന നല്‍കിയാല്‍ അത് സിഎസ്ആര്‍ ഫണ്ടായി കൂട്ടുമെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരിതാശ്വാസ നിധി ഇവയിലേക്ക് നല്‍കുന്ന തുക സിഎസ്ആര്‍ ഫണ്ടായി കണക്കാക്കുകയുമില്ല.
പിഎം കെയേഴ്സിലേക്കുള്ള സംഭാവനയെ കൂടാത കോര്‍പ്പറേറ്റുകള്‍ കോവിഡ് പ്രതിരോധത്തിന് എന്ത് പണം ചെലവാക്കിയാലും അതും സിഎസ്ആര്‍ ഫണ്ടായി കണക്കാക്കും. ഇങ്ങനെയിരിക്കെയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ അത് സിഎസ്ആര്‍ ഫണ്ടായി കണക്കാക്കില്ല എന്ന വിവേചനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരിതാശ്വാസ നിധി എന്നിവ
2013ലെ കമ്പനി നിയമത്തിന്റെ ഏഴാം പട്ടികയില്‍ പെടുന്നില്ല എന്നാണ് ഇതിന് കേന്ദ്ര വിശദീകരണം.
2013 മുതലുള്ള നിയമമാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇതിന് ഇളവ് നല്‍കാന്‍ കേന്ദ്രം തയ്യാറാകാത്തതും കോവിഡിന്റെ പേരില്‍ കേന്ദ്രത്തിന് മാത്രം കോര്‍പ്പറേറ്റുകളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ടായി വന്‍ തുക ലഭിക്കുന്നു എന്നതുമാണ് വിമര്‍ശനത്തിന് പ്രധാന കാരണം.
കേന്ദ്ര തീരുമാനത്തിനെതിരെ സിപിഐഎം രംഗത്തെത്തി. കേന്ദ്ര നിലപാട് അത്യധികം വിവേചനപരവും ഫെഡറലിസത്തിന് വിരുദ്ധവുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇത്തരം നടപടികളിലൂടെ സംസ്ഥാനങ്ങളെ ഞെരുക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ മുന്‍പന്തിയില്‍. അതിനാല്‍ ഇടഞ ഫണ്ട് സംസ്ഥാനങ്ങള്‍ക്കും ലഭിക്കണം. ഇതിന് വേണ്ടി 2013 കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.