അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിലുള്ള കോട്ടൂര്‍ വനമേഖലയിലെ ആദിവാസി ചെറുപ്പക്കാര്‍ക്ക് കാട്ടിനുള്ളില്‍ കൃഷിചെയ്യുന്നതിന് പൂര്‍ണ പിന്തുണയുമായി വനംവകുപ്പ്.
ഒരു കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കലവറയായിരുന്ന കോട്ടൂരിന്റെ കൃഷിപ്പെരുമ വീണ്ടെടുക്കാനെത്തിയ വനവാസി ചെറുപ്പക്കാര്‍ക്ക് വിത്തും ധന സഹായവും നല്‍കാന്‍ വനംമന്ത്രി തന്നെ നേരിട്ടെത്തിയത് ശ്രദ്ധേയമായി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ആദിവാസികളെ രക്ഷിക്കാനായാരംഭിച്ച വനിക ജൈവ വിപണന കേന്ദ്രം വഴി ഊരുല്പന്നങ്ങള്‍ക്ക് നല്ലവില ലഭിക്കുന്ന സാഹചര്യമാണ് യുവാക്കള്‍ക്ക് പ്രചോദനമായത്.
ഒരുകാലത്ത് ചാമയും നേടുവാനും നൂറാനും കവലയും സുലഭമായിരുന്ന തൊടികളില്‍ ഇന്നവര്‍ കൃഷി ഇറക്കുവാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ വനപാലകര്‍ അവര്‍ക്ക്
പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.
കോട്ടൂര്‍ വനമേഖലയിലെ സെറ്റില്‍മെന്റുകളായ കൈതോട്, മാങ്കോട് എന്നിവിടങ്ങളില്‍ നിലമൊരുക്കി സുഭല, സുജല എന്നീ പേരുകളില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് പരമ്പരാഗതമായ രീതിയില്‍ കൂട്ടുകൃഷി ചെയ്യാനൊരുങ്ങുകയാണ് ഇവര്‍. കൃഷി നിലത്ത് നേരിട്ടെത്തി ഇവരെ അഭിനന്ദിക്കാനും വനം മന്ത്രി മറന്നില്ല.
കൈതോട് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം വനംമന്ത്രി നിര്‍വ്വഹിച്ചു. കൃഷിക്കാവശ്യമായ വിത്തുകള്‍, സാമ്പത്തിക സഹായം,
ആദിവാസി കുടുംബങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനായുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു.
കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ, കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണന്‍, തിരു.ഡി.എഫ്.ഒ പ്രദീപ് കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ.ആര്‍.അനി, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എ.ബി.പി, നെയ്യാര്‍, പേപ്പാറ, പരുത്തിപ്പള്ളി റേയ്ഞ്ചുകളിലെ കുടുംബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.
ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍, ടെക്‌നോപാര്‍ക്കിലെ ക്യുബസ്റ്റ്, പ്രകൃതി ട്രെക്കിഗ് ഗ്രൂപ്പ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ്
പരിപാടി നടന്നത്.
ഒരുകാലത്ത് കാടുതെളിച്ചു നിലാമൊരുക്കി ഭക്ഷ്യധാന്യങ്ങള്‍ വികസിപ്പിച്ചിരുന്ന കാര്‍ഷിക സംസ്‌കാരത്തിന് ഉടമകളായിരുന്നു വനവാസികള്‍.
സ്വന്തം ആവശ്യത്തിനുള്ളവ മാത്രം കൃഷിചെയ്ത് പിന്നീടവര്‍ മുഖ്യധാരയില്‍ നിന്നകന്നു. എന്നാല്‍ അന്യം നിന്നുപോയ കാര്‍ഷിക സംസ്‌കാരത്തിന്റെ നാമ്പുകള്‍ തേടി യാത്ര തിരിക്കാന്‍ ഇന്നിവര്‍ക്ക് പ്രചോദനമായത് കോവിഡ് പ്രതിരോധം തീര്‍ത്ത വറുതിയാണ്.
ഒരു കാലത്ത് നാടുഭരിച്ചിരുന്ന രാജാക്കന്മാര്‍ക്കുവരെ ജൈവ വിഭവങ്ങള്‍ കൊട്ടാരങ്ങളില്‍ എത്തിച്ചിരുന്ന കോട്ടൂരിലെ ഊരുകളാണ് വനം വകുപ്പിന്റെ പിന്‍തുണയില്‍ ഇന്ന് വീണ്ടും വിത്തും കൈക്കോട്ടും എടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Get real time update about this post categories directly on your device, subscribe now.