ഇന്ന് 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 19 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി; ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് കേരളത്തില്‍ 19 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 9 പേരുടേയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടേയും ഫലമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 143 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 228 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,163 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരില്‍ കൊറോണ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവതിക്ക് ആണ്‍കുഞ്ഞു പിറന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

നാളെ ഈസ്റ്ററാണ്. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. ലോകം വൈറസിന്റെ പീഢാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണെന്നും അതിനെ അതിജീവിക്കാനുള്ള കരുത്തു കൂടിയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസിനെ നേരിടാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കേരളം പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാല്‍ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം എടുത്തത്. ഏപ്രില്‍ 30 വരെ ഹോട്ട് സ്‌പോര്‍ട്ടില്‍ പ്രത്യേക നിരീക്ഷണം വേണമെന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ ഏപ്രില്‍ 14ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ സജ്ജമാക്കാണം.

സ്ഥിരവരുമാനമില്ലാത്ത ഇവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട് ബെനിഫിക്ട് സ്‌കീം പ്രകാരം ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണം.

രോഗത്തെക്കുറിച്ചും പ്രവാസികളുടെ അവസ്ഥകളെക്കുറിച്ചും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദര്‍ശക വിസയിലും മറ്റു പരിപാടികള്‍ക്കുമായി വിദേശത്തേക്ക് പോയ പലരും അവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ അന്താരാഷ്ട്ര ചട്ടങ്ങളും ആരോഗ്യമാനദണ്ഡങ്ങളും പ്രകാരം ഇവരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 6.44 ലക്ഷം ടണ്‍ അരിയും ഗോതമ്പും കേരളത്തിന് അടുത്ത ആറ് മാസത്തേക്ക് ആവശ്യമുണ്ട്. ഇതു മുടക്കമില്ലാതെ ലഭ്യമാക്കണം. വിളവെടുത്ത ഉത്പന്നങ്ങളുടെ നീക്കം ഉറപ്പിക്കാന്‍ റെയില്‍വേ കൂടുതല്‍ ചരക്കു തീവണ്ടികള്‍ ഓടിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനകത്ത് മുംബൈ, ഹൈദരാബാദ്, ചെന്നൈ, തെലങ്കാന എന്നിവിടങ്ങളിലും ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസിക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാവര്‍ക്കും പെന്‍ഷന് പുറമേ ആയിരം രൂപ വീതം അനുവദിക്കും. 15000 പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗമായ എല്ലാ വൈറസ് ബാധിതര്‍ക്കും 15,000 രൂപ വിതം ഉടന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2020 ജനുവരി ഒന്നിന് ശേഷം വാലിഡ് വിസ, ജോബ് പാസ്‌പോര്‍ട്ട് എന്നിവയുമായി വിദേശത്തു നിന്നും നാട്ടിലെത്തി കുടുങ്ങിയവര്‍ക്കും, ലോക്ക് ഡൗണ്‍ മൂലം നാട്ടില്‍ കുടുങ്ങുകയും വിസാ കാലാവധി കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും വരെ 5000 രൂപയുടെ അടിയന്തര സഹായം നോര്‍ക്ക നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News