തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഈ രോഗകാലത്തും സ്വദേശി -വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഭരണാധികാരികളെ പ്രത്യേക നിലയില്‍ തന്നെ കേരളം കാണുകയാണ്. പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു.
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്,യുകെ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മൊസാംബിക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ് ഡെസ്‌കുകൊണ്ട് ഉദ്ദേശിക്കുന്നത്.
യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആഹാരം വേണ്ട മലയാളികള്‍ക്ക് അത് നല്‍കുന്നത് തുടരുന്നു. ഓരോ പ്രദേശത്തുള്ള സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് ഇത് നടത്തുന്നത്.
കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്‍മ, മാസ്, ശക്തി എന്നിങ്ങനെയുള്ള സംഘടനകളും, പ്രാദേശിക കൂട്ടായ്മകള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ഒരുമയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
യുഎഇയിലെ വിവിധസ്ഥലങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യവും ഇവര്‍ നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ കോവിഡ് പോസിറ്റീവ് ആയ എല്ലാവരേയും ക്വാറന്റൈനില്‍ സംരക്ഷിക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനും സംവിധാനമായിട്ടുണ്ട് എന്നാണറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.