
കണ്ണൂര്‍: കേരളത്തില്‍ ഇതാദ്യമായി കോവിഡ് പോസിറ്റീവായ ഗര്‍ഭിണി, ചികിത്സയിലൂടെ കോവിഡ് അസുഖം ഭേദമായി, ഇന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലൂടെ ഗര്‍ഭിണിയുടെ കോവിഡ് വൈറസ് ബാധ നെഗറ്റീവാക്കിയ ശേഷം പത്താം മാസമായതിനാല്‍ ആശുപത്രിയില്‍ തുടരുകയും ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തത്
ഇന്ന് ഉച്ചക്ക് 12.20ന് മൂന്നു കിലോ ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ് അജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക മെഡിക്കല്‍ സംഘത്തോടോപ്പം അനസ്തേഷ്യ വിഭാഗത്തിലെ മേധാവി ഡോ ചാള്‍സ് പീഡിയാട്രിക് വിഭാഗം മേധാവി ഡോ.എം.ടി.പി മുഹമ്മദ് എന്നിവര്‍ രാവിലെ 11 മണിയോടെ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തീയേറ്ററിലേക്ക് രോഗിയെ മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണ് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷനില്‍ ഇതുവരെ 5 ഗര്‍ഭിണികള്‍ ചികിത്സ തേടി. രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. നേരത്തേ, കൊറോണ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂര്‍ണ്ണ ഗര്‍ഭിണിയേയും ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷപ്പെടുത്താന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചിരുന്നു. പി.പി.ഇ കിറ്റ് ഉള്‍പ്പടെയായി കോവിഡ് സുരക്ഷാ മാര്‍ഗ്ഗങ്ങളോടെ പ്രത്യേക ഓപ്പറേഷന്‍ തീയേറ്ററിലായിരുന്നു ചികിത്സ നല്‍കിയിരുന്നത്. കുട്ടിയെ കൊറോണ സാഹചര്യത്തില്‍ പ്രത്യേകമായി ഒരുക്കിയ ന്യൂ ബോണ്‍ ഐ.സി.യുവിലും പ്രവേശിപ്പിച്ചായിരുന്നു തുടര്‍ ചികിത്സ. കൊറോണ പരിശോധനാ ഫലം പിന്നീട് വന്നപ്പോള്‍ നെഗറ്റീവ് ആയിരുന്നു.
ഗര്‍ഭിണികള്‍ക്ക് പുറമേ, കേരളത്തിലാദ്യമായി കൊറോണ ബാധിച്ച ഒരു വയസ്സും പത്ത് മാസവും പ്രായമായ കുഞ്ഞിനും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോവിഡ് അസുഖം ഭേദമാക്കുകയുണ്ടായി. ലോകത്താകെ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊറോണ ബാധയുണ്ടായാല്‍ ജീവന്‍ രക്ഷിക്കല്‍ അസാധ്യമെന്ന് വിധിയെഴുതുമ്പോഴാണ് രണ്ടുവയസ്സോളം മാത്രം പ്രായമുള്ള കുട്ടിക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കൊറോണ ഭേദമാക്കിയത്. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും, കൊറോണ പോസിറ്റാവായ 15 പേര്‍ക്ക് ഇതിനോടാകം അസുഖം ഭേദമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പാളും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here