
കൊവിഡ് 19 ബാധിച്ച് ഇടുക്കിയില്‍ ചികില്‍സയിലായിരുന്ന നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ഒരു കുടുംബത്തിലെ നാല് പേരാണ് സുഖം പ്രാപിച്ച് മടങ്ങിയത്. തൊടുപുഴ സ്വദേശിയുടെ ഫലവും നെഗറ്റീവായതോടെ, ഇടുക്കി കൊവിഡ് മുക്ത ജില്ലയായി.
ചുരുളി സ്വദേശി ജയകുമാര്‍, ഭാര്യ ദീപ, 67 കാരിയായ മാതാവ് തങ്കമ്മ, പത്ത് വയസുള്ള മകന്‍ അനന്ദു എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
പൊതുപ്രവര്‍ത്തകനില്‍ നിന്ന് രോഗം പകര്‍ന്ന ഇവര്‍ ഇടുക്കി മെഡി. കോളേജിലായിരുന്നു ചികില്‍സയില്‍ കഴിഞ്ഞിരന്നത്. ജയകുമാറിന്റെയും ഭാര്യയുടെയും പരിശോധനാ ഫലം നേരത്തെ ലഭിച്ചിരുന്നുവെങ്കിലും അമ്മയയെയും മകനെയും ആശുപത്രിയിലാക്കി മടങ്ങാന്‍ ഇവര്‍ക്കായില്ല.
ഒടുവില്‍ ശനിയാഴ്ച അവരുടെ ഫലവും നെഗറ്റീവായതോടെയാണ് ഏവരും വീട്ടിലേക്ക് മടങ്ങിയത്. തിരിച്ചു പോയവരില്‍ മറ്റ് രണ്ട് പേര്‍കൂടി ഉണ്ടായിരുന്നു. ജയകുമാര്‍-ദീപ ദമ്പതികളുടെ ഇളയ കുട്ടികളായ എട്ട് വയസുകാരന്‍ അഭിനവും മൂന്നര വയസുകാരന്‍ അഭിറാമും.
രോഗ ബാധിരായി അച്ഛനും അമ്മയും മുത്തശ്ശിയും സഹോദരനും ആശുപത്രിയിലായപ്പോള്‍ കുടുങ്ങിപ്പോയ കുരുന്നുകള്‍ക്ക് ആശുപത്രി അധികൃതരാണ് കൈത്താങ്ങായത്. രക്ഷിതാക്കളെ കാണാന്‍ കഴിയും വിധത്തില്‍ ഗ്ലാസിട്ട മുറിയില്‍ ഇരുവരെയും എട്ട് ദിവസം അധികൃതര്‍ പരിപാലിച്ചു. ആ കരുതലിന്റെ നന്ദികൂടിയുണ്ട് ഈ കൈവീശലിന്.
ഇവരെ യാത്രയാക്കാന്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, ഡിഎംഒ ഡോ.എന്‍ പ്രിയ തുടങ്ങിയവര്‍ എത്തിയിരുന്നു.
രോഗബാധിനായിരുന്ന തൊടുപുഴ-കുമ്പങ്കല്ല് സ്വദേശിയുടെ ഫലവും നെഗറ്റീവായതോടെ ഇടുക്കി കൊവിഡ് രോഗികളില്ലാത്ത ജില്ലയായി മാറി. ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഏവരെയും രോഗം സുഖപ്പെടുത്തി മടക്കി അയച്ചപ്പോള്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇത് അഭിമാന നേട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here