ആ നായ വെള്ളം കുടിച്ചില്ലായിരുന്നുവെങ്കില്‍? ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നുക?

തിരുവനന്തപുരം: മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്.

നെല്‍സണ്‍ ജോസഫിന്റെ വാക്കുകള്‍:

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കേട്ട ഒരു വാര്‍ത്ത ഞെട്ടിച്ചുകളഞ്ഞു.
വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്.

‘ മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കി ‘ എന്നതാണ് ആ വാര്‍ത്ത.

ജലസംഭരണിയില്‍ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ വിഷം കലര്‍ന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞു.

നായ കുടിച്ചില്ലായിരുന്നുവെങ്കില്‍?

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ആ കേരളത്തില്‍ ഇന്നത്തെ കണക്ക് വച്ച് രോഗം സ്ഥിരീകരിച്ചവരില്‍ 40% ന്റെ അടുത്ത് രോഗബാധിതര്‍ രോഗവിമുക്തരായി എന്ന സന്തോഷം നമ്മുടെ മുന്നിലുണ്ട്.

ഒപ്പം രോഗവ്യാപനവും മരണവും നിയന്ത്രണം വിടുന്നില്ല എന്ന ആശ്വാസവും.
അതിനു കാരണക്കാരായവരില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കൂട്ടരാണ്, ഒന്ന് ആരോഗ്യപ്രവര്‍ത്തകര്‍, രണ്ട് പൊലീസ്.

പലയിടത്തുനിന്ന് ഇറക്കിവിടപ്പെട്ട്, സ്വന്തക്കാരെയും സ്വന്തം കുഞ്ഞുങ്ങളെയും പോലും കാണാന്‍ കഴിയാതെ ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

പൊരിവെയിലത്തും മഴയത്തും ക്രമസമാധാനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ കൂടി അഹോരാത്രം പണിയെടുക്കുന്ന പൊലീസുകാര്‍.
എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നിയിരിക്കുക

എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണം. ഇനി ഒരിക്കലും ഒരാളും ആവര്‍ത്തിക്കാത്തവിധം പൂട്ടണം. മാതൃകാപരമായി ശിക്ഷിക്കണം.
അതാരായിരുന്നാലും ശരി…
നിയമപരമായിത്തന്നെയാണ് ശിക്ഷിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here