കൊറോണ: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ദില്ലി: കോവിഡ്‌ വ്യാപനം തടയുന്നതിന്‌ രാജ്യവ്യാപക അടച്ചുപൂട്ടൽ ഏപ്രിൽ അവസാനവാരം വരെ നീളും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ ഇതുസംബന്ധിച്ച ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്‌ച പ്രധാനമന്ത്രി നടത്തും.

ജീവനോടൊപ്പം ജീവിതവൃത്തിയും സംരക്ഷിക്കുകയെന്ന സമീപനത്തോടെയാണ്‌ നിയന്ത്രണങ്ങൾ തുടരുകയെന്ന്‌ നാലര മണിക്കൂർ നീണ്ട ചർച്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഏതാനും മേഖലകളിൽ ഇളവ്‌ അനുവദിച്ചേക്കും. മാർച്ച്‌ 24നാണ്‌ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. രണ്ടാഴ്‌ചകൂടി അടച്ചുപൂട്ടൽ നീട്ടാൻ സംസ്ഥാനങ്ങൾ ധാരണയിലെത്തി.

വൈറസ്‌ വ്യാപനം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലം വ്യക്തമാകാൻ മൂന്നുനാല്‌ ആഴ്‌ചകൂടി കാത്തിരിക്കണം. രാജ്യത്ത്‌ ഭക്ഷ്യവസ്‌തുക്കളുടെയും ഔഷധങ്ങളുടെയും മതിയായ ശേഖരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക സഹായം നൽകണം: മുഖ്യമന്ത്രിമാർ

മഹാമാരി നേരിടാൻ കേന്ദ്രം വേണ്ട സാമ്പത്തികസഹായം നൽകണമെന്ന്‌ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. അടച്ചുപൂട്ടൽ തുടരുന്നതാണ്‌ ഉചിതം. അതത്‌ സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ സ്ഥിതിയും സ്വീകരിച്ച പ്രതിരോധ–-ദുരന്തലഘൂകരണ നടപടികളും മുഖ്യമന്ത്രിമാർ വിശദീകരിച്ചു.

അടച്ചുപൂട്ടലിനുമുമ്പുള്ള സ്ഥിതിയിലേക്ക്‌ മടങ്ങാൻ സമയമായിട്ടില്ലെന്ന്‌ പിണറായി വിജയൻ വ്യക്തമാക്കി. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പഞ്ചാബ്‌, ഒഡിഷ സർക്കാരുകൾ അടച്ചുപൂട്ടൽ 30 വരെ നീട്ടിയെന്ന്‌ അറിയിച്ചു. അടച്ചുപൂട്ടൽ നീട്ടുന്നതിനോട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ യോജിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News