കൊവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യം; പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ; ലോക്ക്ഡൗണില്‍പ്പെട്ട വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ വാക്കുകള്‍

കൊവിഡ് – 19 കാലത്ത് കേരളത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ദിമിദര്‍ പന്തേവ് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കൊവിസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെയും പ്രശംസിക്കുന്നത്.

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃതൃത്വം ഏറ്റെടുത്ത് നയിക്കുന്നതാണ് കണ്ടത്.

ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്. ഈ സമയത്ത് കേരളത്തിലായത് ഭാഗ്യമായി കരുതുന്നുവെന്നും ദിമിദര്‍ പന്തേവ് കുറിപ്പില്‍ പറയുന്നു

കുറിപ്പില്‍ നിന്ന്:

കേരളത്തിലെത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൊറോണ വൈറസ് ഒരു പാന്‍ഡെമിക് ആയി പ്രഖ്യാപിക്കുകയും കേരള സംസ്ഥാനവും രാജ്യവും ലോകവും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങി.

ഒരു ഘട്ടത്തിലും ഞാന്‍ ആശങ്കപ്പെടുകയോ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുകയോ ചെയ്തില്ല, സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന്‍ ഈ സാഹചര്യത്തിന്റെ ചുമതല ഏറ്റെടുത്തത്, ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചറുമായി മുന്നില്‍ നിന്ന് മുന്നേറി. ദുരന്തനിവാരണത്തില്‍, ഇവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലെ അവരുടെ കാര്യക്ഷമതയ്ക്ക് ഞാന്‍ സാക്ഷിയായതില്‍ സന്തോഷമുണ്ട്.

ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്. പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ നിരീക്ഷണത്തിലായിരുന്ന ദിവസങ്ങളില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എപ്പോഴും എന്നെ പരിശോധിച്ചു കൊണ്ടിരുന്നു, ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും എല്ലാ ദിവസവും ഫോണില്‍ വിളിക്കുകയും എന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു.

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും വിദേശിയുടെ എന്റെ ക്ഷേമ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. യൂറോപ്പില്‍ കൊറോണ വൈറസ് സൃഷ്ടിച്ച ദുരന്തത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, വൈറസിന്റെ കാലത്ത് ഞാന്‍ കേരളത്തിലാണുള്ളത് എന്നതില്‍ ഭാഗ്യവാനാണ്.

എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാന്‍ കൊവിഡ് പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം ശ്രീ പിണറായി വിജയന്‍, ശ്രീമതി ഷൈലജ ടീച്ചര്‍ വ്യക്തിപരമായി കാണാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും പ്രാദേശിക ഫുട്‌ബോള്‍ ഗ്രൂപ്പുകളുടെയും സ്‌നേഹത്തിന് വളരെയധികം നന്ദിയുണ്ട്.-

100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും ആതിഥ്യ മര്യാദയെക്കുറിച്ചുമെല്ലാം നല്ല വാക്കുകള്‍ ദിമി ദര്‍ പന്തേവ് കുറിപ്പില്‍ പറയുന്നുണ്ട്. നേരത്തെ ബള്‍ഗേറിയ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ദിമിദര്‍ പന്തേവ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പലസ്തീനിലെ അല്‍ ജമയ ക്ലബിന്റെ പരിശീലക കരാര്‍ അവസാനിച്ചിരുന്നു. ഇതിനു ശേഷം ദുബായ് മലയാളികളുടെ നേതൃത്വത്തില്‍ ദുബായില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് 16 സ്‌പോര്‍ട്‌സ് സര്‍വീസിനൊപ്പം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കുകയാണ്.

കേരളത്തില്‍ അവരുടെ അന്താരാഷ്ട്ര പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 4 നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി പട്ടാമ്പിയിലെത്തിയത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ പട്ടാമ്പിയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണ് ദിമി ദര്‍ പന്തേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here