കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.

പൗരന്‍മാരെ തിരികെകൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളുമായി തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കുമെന്ന് യുഎഇ വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണ മൂലം ആഗോളതലത്തില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ഇതാലോചിക്കുന്നത്.

ഈ രാജ്യങ്ങളില്‍നിന്നും ഭാവിയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും റിക്രൂട്ട്‌മെന്റില്‍ ക്വാട്ട സംവിധാനം കൊണ്ടുവരുന്നതും യുഎഇ പരിഗണിക്കുന്നുണ്ട്.

ഈ രാജ്യങ്ങളുമായി തൊഴില്‍ മന്ത്രാലയം ഒപ്പുവെച്ച ധാരണാപത്രം സസ്‌പെന്‍ഡ് ചെയ്യുന്നതും മന്ത്രാലയം പരിഗണിക്കുന്നു. മാനവ വിവഭ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിവിധ എംബസികളെ അറിയിച്ചിരുന്നു. ഇതിനായി എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനും യുഎഇ അനുമതി നല്‍കി. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല.

യാത്രാവിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു വരെ ഇന്ത്യക്കാരെ തിരികെകൊണ്ടുവരാന്‍ പറ്റില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇക്കാര്യം ശനിയാഴ്ച യുഎഇ അംബാസഡര്‍ പവന്‍ കുമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ഇതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ യുഎഇയെ പ്രേരിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പെടെ ഒരു രാജ്യത്തിന്റേയും പേരു പരാമര്‍ശിക്കാതെയാണ് യുഎഇയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News