ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

രാജ്യത്ത്‌ ആറുദിവസത്തിനുള്ളിൽ കോവിഡ്‌ രോഗികൾ ഇരട്ടിയായി. രണ്ടാഴ്‌ചക്കാലയളവിൽ വർധന എട്ടുമടങ്ങാണ്‌. മരണനിരക്കും കുതിച്ചുയർന്നു.

ഏപ്രിൽ ആറിന്‌ 4281 പേർക്കാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്‌. ഞായറാഴ്‌ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗികളുടെ എണ്ണം 8356 ആയി. എന്നാൽ, 8933പേർക്ക്‌ രോഗം ബാധിച്ചതായി സംസ്ഥാന സർക്കാരുകളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു.


ഏപ്രിൽ ആറുവരെ 111 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഞായറാഴ്‌ച മരണസംഖ്യ 277 ആയി. വർധന 150 ശതമാനം. മാർച്ച്‌ 29 വരെ രാജ്യത്ത്‌ 979 പേർക്ക്‌ മാത്രമാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌.

അന്നുവരെ മരണസംഖ്യ 27 ആയിരുന്നു. ഒരാഴ്‌ചയായി രോഗികളുടെ എണ്ണത്തിൽ ശരാശരി 13 ശതമാനം വർധനയുണ്ട്‌. ഈ തോത്‌ തുടർന്നാൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രോഗികൾ എഴുപതിനായിരത്തിന്‌ അടുത്തെത്തും. മരണനിരക്ക്‌ 2500 ലേറെയാകുമെന്നും വിലയിരുത്തുന്നു.

നിലവിൽ കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ്‌ കോവിഡ്‌ വ്യാപനത്തിന്റെ തോത്‌ പിടിച്ചുനിർത്താനായത്‌.

മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതർ വർധിക്കുകയാണ്‌.

കോവിഡ്‌ കേസുകൾ രാജ്യത്ത്‌ നാലുദിവസംകൊണ്ട്‌ ഇരട്ടിയാകുന്ന പ്രവണത മാർച്ച്‌ 29 മുതൽ ഏപ്രിൽ ആറുവരെ നിലനിന്നിരുന്നു. അതിന്‌ ശേഷം ആറുദിവസമെടുത്താണ്‌ ഇരട്ടിയായത്‌.

എന്നാൽ, രോഗികളുടെ എണ്ണത്തിൽ വന്ന വർധന നാലായിരത്തിലേറെയാണ്‌. ഏപ്രിൽ 15 മുതൽ രാജ്യവ്യാപക അടച്ചിടലിൽ കൂടുതൽ ഇളവുകൾ വരുമ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ്‌ ആരോഗ്യവിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്‌. അതേസമയം കോവിഡ്‌ പരിശോധനകളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News