ഏറ്റവും കരുത്തുള്ള രാജ്യമായിട്ടും കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞ രാജ്യമായി അമേരിക്ക. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളെ പിന്നിലാക്കി.
വടക്കേ അമേരിക്കൻ വൻകരയിലെ 23 രാജ്യങ്ങളിലായി ആകെ 22,727 പേർ മരിച്ചതിൽ 21,409 പേരും അമേരിക്കയിലാണ്.
രോഗികളുടെ എണ്ണം 5,35,591. ന്യൂയോർക്ക് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഒമ്പതിനായിരത്തോളം പേരാണ് മരിച്ചത്.
രോഗം നേരിടുന്നതിൽ സർക്കാർ ഏജൻസികൾ തുടർച്ചയായി നൽകിയ മുന്നറിയിപ്പുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവഗണിച്ചതാണ് രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരാനിടയാക്കിയത്.
ജലദോഷപ്പനി പിടിപെട്ട് ആയിരങ്ങൾ മരിക്കാറുള്ള അമേരിക്കയിൽ കോവിഡ് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ട്രംപ് പറഞ്ഞത്. ചൈനയെയും ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തുന്ന നിലപാടണ് ട്രംപ് സ്വീകരിച്ചത്.
അതിനിടെ, യൂറോപ്പിൽ മരിച്ചവരുടെ എണ്ണം 75,000 കടന്നു. മരിച്ചവരിൽ 80 ശതമാനവും ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ബ്രിട്ടനിൽ ഞായറാഴ്‌ച 737 പേർകൂടി മരിച്ചതോടെ മരണം പതിനായിരം കടന്നു. ഇതോടെ 10,000 കടക്കുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ.
ഇറ്റലി–- 19,899. സ്‌പെയിൻ–- 16,972. ഫ്രാൻസ്–- 13,832. ബ്രിട്ടൻ–- 10,612. ലോകത്ത് ഇതുവരെ മരിച്ചവർ 1,13,768 ആയി. 18,10,738 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,11,911 പേർ രോഗമുക്തരായി.
Get real time update about this post categories directly on your device, subscribe now.