കൊറോണ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടി; ഓര്‍ഡറുകള്‍ അമേരിക്കയ്ക്ക് തിരിച്ചുവിടുന്നു

കോവിഡ് പരിശോധനകൾക്ക് തുരങ്കം വച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ എത്തേണ്ട സെറോളജിക്കൽ ടെസ്റ്റ്‌ കിറ്റുകൾ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നൽകി.

വേഗത്തിൽ പരിശോധനാ ഫലം നൽകുന്നതാണ് സെറോളജിക്കൽ ടെസ്റ്റ്‌ കിറ്റുകൾ. പരിശോധന കിറ്റുകൾ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര സർക്കാർ നടപടി.

ഐസിഎംആർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. കിറ്റുകളുടെ ക്ഷാമം ലോക്ക്ഡൗണിനെ പോലും ബാധിച്ചവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒരാളിൽ പുതിയ രോഗാണു കടന്നിട്ടുണ്ടോ എന്ന് എളുപ്പം കണ്ടെത്താനാണ് സെറോളജിക്കൽ ടെസ്റ്റ് നടത്തുന്നത്. കൈവരലിൽ നിന്ന് രക്തമെടുത്താണ് പരിശോധന.

കഴിഞ്ഞ മാസം അവസാനം 5 ലക്ഷം സെറോളജിക്കൽ ടെസ്റ്റ് കിറ്റുകൾക്ക് വേണ്ടി ICMR ടെൻഡർ ക്ഷണിച്ചു. ചൈനയിൽ നിന്ന് ഇന്ത്യയിൽ എത്തേണ്ട സെറോളജിക്കൽ ടെസ്റ്റ്‌ കിറ്റുകൾ അമേരിക്കയ്ക്ക് കേന്ദ്ര സർക്കാർ മറിച്ച് നൽകിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് പരിശോധന നടത്താൻ മതിയായ പരിശോധന കിറ്റുകൾ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര സർക്കാർ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വച്ചത്. സെറോളജിക്കൽ ടെസ്റ്റ് കിറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ ഐസിഎംആറിനോട് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇതിനിടെയാണ് സംസ്ഥാനങ്ങൾക്ക് പോലും ഇത്തരം കിറ്റുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ നിൽക്കാതെ കിറ്റുകൾ അമേരിക്കയിലേക്ക് വഴി തിരിച്ച് വിട്ട കേന്ദ്ര നടപടി. കേന്ദ്ര സർക്കാർ നടപടി ലോക്ക് ഡൗണിനെയും ആരോഗ്യ പ്രവർത്തകരിലെ പരിശോധനയെയും സാരമായി ബാധിച്ചെന്നും ഐസിഎംആർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഹോട് സ്പോട്ടുകളിൽ ഇത്തരം പരിശോധന നടന്നിരുന്നുവെങ്കിൽ അതിന്റെ ഫലത്തിന് അനുസരിച്ച് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കുമായിരുന്നു. രോഗാണുവുള്ള അന്തരീക്ഷവുമായി അടുത്ത് പെരുമാറുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ ഈ പരിശോധന വേണ്ടത്ര നടന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്ത് 90ലേറെ ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാണെന്ന കാര്യം പ്രത്യേകം ഓർക്കണം. ഐസിഎംആർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ദേശീയ ചാനലിന്റെ റിപ്പോർട്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോറോക്വിൻ ആവശ്യത്തിന് ഉത്പാദനം നടത്തുന്നു എന്നതായിരുന്നു വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രം കണ്ടെത്തിയ വിശദീകരണം. എന്നാൽ സെറോളജിക്കൽ കിറ്റുകളുടെ കാര്യം അങ്ങനെ അല്ല.

മതിയായ കിറ്റുകൾ രാജ്യത്ത് ഇല്ല. ഇറക്കുമതി മാത്രമാണ് കിറ്റുകൾ ഉറപ്പാക്കാനുള്ള ഏക പോംവഴി. ഇറക്കുമതിയിലൂടെ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളെയാണ് കേന്ദ്രം അട്ടി മറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News