പ്രവാസികളെ കയ്യൊഴിഞ്ഞു; വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ടതില്ല; എവിടെയാണോ, അവിടെ തുടരുക; കേന്ദ്ര നിലപാട് ശരിവച്ച് സുപ്രീംകോടതി

ദില്ലി: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ മാതൃ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കര്‍ശന നിലപാട് തുടരവെയാണ് വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായ സുപ്രീംകോടതി തീരുമാനം.

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പത്തോളം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ഈ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു.

കൊറോണ മഹാമാരി ലോകമാകെ ബാധിച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കുക സാധ്യമല്ലെന്ന് കോടതി വിലയിരുത്തി.

എവിടെയാണോ ഉള്ളത് അവിടെ തുടരൂ എന്നും വിദേശ ഇന്ത്യക്കാരോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

യാത്ര അനുവദിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചു.

വിമാന സര്‍വീസുകള്‍ നടക്കാത്തതിനാലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കാത്തത് കൊണ്ടും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധ്യമല്ല എന്നാണ് കേന്ദ്ര നിലപാട്.

ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ചൂണ്ടിക്കാട്ടി.

വിദേശത്തുള്ളവര്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു, മോഹന്‍ ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി വിഷയം പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News