ഇറ്റലിയില്‍ നിന്നെത്തി, ദില്ലിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 മലയാളികളെ കേരളത്തിലെത്തിച്ചു; പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

ഇറ്റലിയില്‍ നിന്നെത്തി ദില്ലി സൈനിക ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. ഇവരുടെ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. രണ്ടാഴ്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി.

മാര്‍ച്ച് 15നാണ് ഇറ്റലിയില്‍ നിന്നുള്ള 44 അംഗ മലയാളി സംഘം ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് 28 ദിവസം ഡല്‍ഹിയിലെ സൈനിക ക്യാംപില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇതിനിടെ നടത്തിയ രണ്ട് ശ്രവ പരിശോനയിലും ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയാണ് പ്രത്യേക വാഹനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഇവര്‍ യാത്ര തിരിച്ചത്. ആദ്യം ഇവരെ പാലക്കാട് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വീടുകളിലേക്ക് അയച്ചു. 14 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

മലയാളി സംഘത്തില്‍ ഭൂരിഭാഗം പേരും ഇറ്റലിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ആശങ്കകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കള്‍.

കാസര്‍കോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. വീടുകളിലേക്ക് കൊണ്ടു പോകാനായി കുടുംബാംഗങ്ങള്‍ എത്താത്തവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News