കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്രം; സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു നല്‍കി; ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഉടന്‍ പരിശോധനാ ഫലം നല്‍കുന്ന സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു നല്‍കി. പരിശോധന കിറ്റുകള്‍ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര നടപടി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം പ്രതികരിച്ചു.

ഓരാളില്‍ പുതിയ രോഗാണു കടന്നിട്ടുണ്ടോ എന്ന് എളുപ്പം കണ്ടെത്താനാണ് സെറോളജിക്കല്‍ ടെസ്റ്റ് നടത്തുന്നത്. വേഗത്തില്‍ പരിശോധനാ ഫലം നല്‍കുന്നതാണ് ടെസ്റ്റ്. ചൈനയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തേണ്ട ഏതാണ്ട് 50000 സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയില്‍ എത്തും മുന്‍പ് അമേരിക്കയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മറിച്ച് നല്‍കിയെന്നാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് പരിശോധന നടത്താന്‍ മതിയായ പരിശോധന കിറ്റുകള്‍ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വച്ചത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം കിറ്റുകള്‍ ലഭ്യമാക്കാന്‍ നില്‍ക്കാതെയാണ് ഇവ അമേരിക്കയിലേക്ക് വഴി തിരിച്ച് വിട്ട കേന്ദ്ര നടപടി. കേന്ദ്ര സര്‍ക്കാര്‍ നടപടി ലോക്ക് ഡൗണിനെയും ആരോഗ്യ പ്രവര്‍ത്തകരിലെ പരിശോധനയെയും ബാധിച്ചെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഹോട്‌സ്‌പോട്ടുകളില്‍ ഇത്തരം പരിശോധന നടന്നിരുന്നുവെങ്കില്‍ ഫലത്തിന് അനുസരിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. രോഗാണുവുള്ള അന്തരീക്ഷവുമായി അടുത്ത് പെരുമാറുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ പരിശോധന വേണ്ടത്ര നടക്കാഞ്ഞത് കിറ്റുകള്‍ ലഭിക്കാഞ്ഞതിനാലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സെറോളജിക്കല്‍ കിറ്റുകള്‍ തീര്‍ത്തും പരിമിതമാണ്. ഇറക്കുമതി മാത്രമാണ് ഏക പോംവഴി. ഇറക്കുമതിയിലൂടെ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളെയാണ് കേന്ദ്രം തന്നെ അട്ടിമറിച്ചത്. അമേരിക്കയുടെയും കേന്ദ്രത്തിന്റെയും നടപടിക്കെതിരെ സിപിഐഎം രംഗത്തെത്തി.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് പ്രധാന പരിഗണന നല്‍കി പ്രതീപ്പെടുത്തുന്നത് ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News