ഇന്ന് കൊറോണ മൂന്നു പേര്‍ക്ക്; 19 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 178 പേര്‍; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 178 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 197 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാള്‍ വിദേശത്തുനിന്നും വന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 15,683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രോഗം പടരുന്നില്ലെന്ന ധാരണയില്‍ ജാഗ്രത കുറവ് പാടില്ല

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്ന ധാരണ ചില കേന്ദ്രങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്.

രോഗം പടരുന്നില്ലെന്ന ധാരണയില്‍ ജാഗ്രത കുറവ് പാടില്ലെന്നും അത് അപകടമുണ്ടാകുമെന്നും ആള്‍ക്കൂട്ടവും ജാഗ്രത കുറവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്ന് നാളെ പ്രധാനമന്ത്രി പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് ഇന്നും കത്ത് അയച്ചിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ആവര്‍ത്തിച്ചു. തിരികെ വരുന്നവരുടെ ആരോഗ്യപരിപാലനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കും. ഇവര്‍ക്കായി എല്ലാ സുരക്ഷാ ക്രമീകരണവും ഒരുക്കും. ജോലി നഷ്ടപ്പെട്ട് വരുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. 2,49,899 വീടുകള്‍ ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചു. 42 പേര്‍ക്ക് ജില്ലയ്ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനായി. ഫയര്‍ റസ്‌ക്യു സര്‍വീസ് 22,533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. 9,873 പേര്‍ക്ക് അവശ്യമരുന്നുകള്‍ വീട്ടിലെത്തിച്ചു. 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. റേഷന്‍ വിതരണം 94 ശതമാനത്തിലേറെ പൂര്‍ത്തിയായി. 5.32 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ വിഷുവാണ്. ഇന്ന് ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഇത് ഗൗരവമായി കാണണം. കൂടിച്ചേരലുകള്‍, പൊതുസ്ഥലത്ത് കൂടുതല്‍ പേര്‍ എത്തിച്ചേരല്‍ ഇതൊന്നും അനുവദിക്കാനാവില്ലെന്നുമ മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ആളുകള്‍ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതായും അതിര്‍ത്തി കടക്കുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അടിയന്തര പരിശോധനകള്‍ നടത്തും. ഒരു കാരണവശാലും, ആള്‍കൂട്ടവും കൂടി ചേരലും അനുവദിക്കില്ല. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ആളുകള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി ഡങ്കിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവമായി ശ്രദ്ധിക്കും. വ്യാപനം തടയാന്‍ എല്ലാ നടപടിയും സ്വീകരിക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കൊതുകു നശീകരണം എന്നിവ തീവ്രമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍, ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരുദിവസം തുറക്കാന്‍ അനുവദിക്കും. വെറ്റില കൃഷി കാര്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എത്തിയ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഇവര്‍ കേരളത്തെ ആശ്രയിക്കുന്നു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്നു. അവരില്‍ പലരുടെയും കൈയ്യില്‍ പണമില്ലാതായി. ഇവര്‍ക്കും ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും ജീവനക്കാരും 24 മണിക്കൂറും പ്രവര്‍ത്തനത്തില്‍ മുഴുകി നില്‍ക്കുന്നുണ്ട്. എത്ര അഭിനന്ദിച്ചാലും ഇവരുടെ പ്രവര്‍ത്തനത്തിന് മതിവരില്ല. കമ്യൂണിറ്റി കിച്ചണ്‍ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവര്‍ത്തനം നടക്കുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടല്‍ അവസാനിക്കുന്നില്ല. കുറച്ച് വര്‍ധനവിന്റെ ലക്ഷണം കാണിക്കുന്നുമുണ്ട്. ഇതൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ സമയത്ത് ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ലയില്‍ ലോറിയില്‍ നിന്ന് ചരക്ക് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ നിര്‍ബന്ധിച്ചു. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതാണ്, അവസാനിപ്പിച്ചതാണ്. നോക്കുകൂലി പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News